ഓയൂർ : വിലങ്ങറ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ സ്കന്ദ ഷഷ്ഠി ഉത്സവത്തിനു തുടക്കമായി . കഴിഞ്ഞ ദിവസം രാവിലെ 8ന് മേൽശാന്തി വെങ്കിട്ട രമണൻ പോറ്റി പാൽ നിറക്കാനുള്ള പ്രത്യേക വെള്ളിക്കുടം സ്ത്രീകൾക്ക് കൈമാറി. ഏഴു ദിവസത്തെ കഠിന വൃതവുമായി 30ന് ഉച്ചയ്ക്ക് വെള്ളിക്കുടത്തിൽ ഉൾപ്പെടെ പശുവിൻ പാൽ നിറച്ചു നൂറു കണക്കിന് സ്ത്രീകൾ പാൽക്കുടം ഏന്തി ദേവന്റെ മുന്നിലെത്തും .30ന് പുലർച്ചെ 5ന് നടക്കുന്ന പഞ്ചാമൃത അഭിഷേകത്തോടെയാണ് ഷഷ്ഠി പൂജ ചടങ്ങുകൾ തുടങ്ങുന്നത്. 6ന് ദേവനെ ശ്രീകോവിലിൽ നിന്ന് പുറത്തേക്കു എഴുന്നള്ളിക്കും. മണി മണ്ഡപത്തിൽ ഒരുക്കുന്ന വാഴപ്പഴം മൂടൽ ദേവന് സമർപ്പിക്കും. 6.30ന് പ്രസിദ്ധമായ പടച്ചോർ സമർപ്പണം നടക്കും. ഒരു ലക്ഷം പടച്ചോറാണ് സമർപ്പിക്കുന്നത്. 10ന് സ്ത്രീകളുടെ സുബ്രഹ്മണ്യ സഹസ്ര നാമർച്ചന, ഒ1ന് പാൽക്കുടം എഴുന്നള്ളത്ത്. വിവിധ കരകളിൽ നിന്നെത്തുന്ന സ്ത്രീകൾ വിലങ്ങറ ഇണ്ടിളയപ്പൻ ക്ഷേത്രത്തിൽ സംഗമിച്ചു വാദ്യ മേളങ്ങളുടെ അകമ്പടിയോടെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലേക്ക് പാൽക്കുടങ്ങൾ ഏന്തും. 2ന് പാൽ അഭിഷേകവും ഷഷ്ഠി പൂജയും നടക്കും. രാത്രി 7ന് പുഷ്പഭിഷേകവും ഭാസ്മാഭിഷേകവും ഉണ്ടായിരിക്കും. ക്ഷേത്രത്തിൽ ഭക്തരുടെ തിരക്കു നിയന്ത്രിക്കാൻ വിപുലമായ ഒരുക്കങ്ങളായി. പടച്ചോർ വിതരണത്തിനായി ഒന്നിലധികം കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം അധികൃതർ അറിയിച്ചു. ഭക്തജനങ്ങളുടെ സൗകര്യാർത്ഥം കെ.എസ്.ആർ.ടി.സി വിലങ്ങറ ക്ഷേത്രത്തിലേക്ക് പ്രത്യേക ബസ് സർവീസുകളും നടത്തും. പാൽക്കുടം എഴുന്നള്ളത്തുമായി മുൻകൂട്ടി രജിസ്റ്റർ ചെയ്യാനായി 8921626404, 9447461991, 7010505494 എന്നീ നമ്പരിൽ ബന്ധപ്പെടാം.