ചാത്തന്നൂർ: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ഓർഡിനറി ബസിൽ നിന്ന് വീണ് ചാത്തന്നൂർ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ സുഭാഷ് എന്ന വിദ്യാർത്ഥിക്ക് പരിക്ക്.ദേശീയപാതയിൽ നിന്നും ചാത്തന്നൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലേക്ക് തിരിഞ്ഞപ്പോൾ ബസിന്റെ പിറക് വശത്തെ ഡോർ തുറന്ന് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഉടൻ ബസ് നിർത്തി വിദ്യാർത്ഥിയെ ഡ്രൈവറും കണ്ടക്ടറും ചേർന്ന് തൊട്ടടുത്ത കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകി. ബസിൽ തിരക്കായതിനാൽ ഡോർ തുറന്ന് വീണതാകാമെന്ന് യാത്രക്കാർ പറയുന്നു. യാത്ര മുടങ്ങിയതിനാൽ യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റി വിട്ടു.