കൊല്ലം: കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ച ജില്ലാ ഐ.ടി കോറിഡോർ പദ്ധതിക്കുള്ള സാദ്ധ്യതാപഠനം ഉടൻ ആരംഭിക്കും. ഐ.ടി പാർക്ക് സ്ഥാപിക്കാൻ കണ്ടെത്തിയ സ്ഥലങ്ങളുടെ സാമ്പത്തിക, സാമൂഹ്യ സാദ്ധ്യതകൾ സംബന്ധിച്ചാണ് പഠനം. ഇതിനൊപ്പം അഞ്ച് മിനി ഐ.ടി പാർക്കുകൾ കൂടി സ്ഥാപിക്കുന്നതിന്റെ സാദ്ധ്യതയും പരിശോധിക്കുന്നുണ്ട്.
കഴക്കൂട്ടം ടെക്നോപാർക്കിൽ നിന്ന് ആരംഭിച്ച് ദേശീയപാത 66 ലൂടെയാണ് ജില്ലയിലെ ഐ.ടി കോറിഡോർ. ഇതിന്റെ ഭാഗമായി വമ്പൻ ഐ.ടി പാർക്കാകും ആദ്യം സ്ഥാപിക്കുക. ഇതിന്റെ ഉപഗ്രഹങ്ങൾ എന്ന നിലയിലാകും മിനി ഐ.ടി പാർക്കുകൾ പിന്നീട് വരുക.
വലിയ ഐ.ടി പാർക്കിനായി 50 മുതൽ 100 ഏക്കർ വരെ വിസ്തൃതിയുള്ള എട്ട് സ്ഥലങ്ങൾ പദ്ധതിയുടെ സ്പെഷ്യൽ പർപ്പസ് വെഹിക്കിളായി സംസ്ഥാന സർക്കാർ നിയോഗിച്ച കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ നേതൃത്വത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥലങ്ങളുടെ സാദ്ധ്യത പ്രത്യേകം പഠിച്ച ശേഷം ഉചിതമായത് തിരഞ്ഞെടുക്കും.
കിഫ്ബിയിൽ നിന്ന് 1000 കോടി
വില ഉയരുമെന്നതിനാൽ സ്ഥലങ്ങൾ വെളിപ്പെടുത്തിയിട്ടില്ല
മെച്ചപ്പെട്ട വില നൽകി ഭൂമി ഏറ്റെടുക്കാൻ സർക്കാർ അനുമതി
നാല് ഐ.ടി കോറിഡോർ സ്ഥലം ഏറ്റെടുക്കലിന് കിഫ്ബിയിൽ നിന്ന് 1000 കോടി
പ്രധാന പാർക്ക് ജില്ലാ കേന്ദ്രത്തിൽ നിന്ന് ഒഴിഞ്ഞുള്ള സ്ഥലത്ത്
സംരംഭകർ എത്തുമെന്ന് ഉറപ്പുള്ള സ്ഥലമേ തിരഞ്ഞെടുക്കൂ
നിർമ്മിക്കുക കുറഞ്ഞത് നാല് ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടം
സംരംഭകർക്ക് വിവിധ സർക്കാർ ഏജൻസികളിൽ നിന്നുള്ള അനുമതി വേഗത്തിൽ ലഭ്യമാകാനുള്ള സൗകര്യം ഉണ്ടാകും. ഇതിനായി സർക്കാർ പ്രത്യേക നയവും തയ്യാറാക്കും.
ഐ.ടി പാർക്ക് അധികൃതർ