
കൊല്ലം: ഡിസൈനെ ചൊല്ലിയുളള തർക്കത്തെ തുടർന്ന് നിർമ്മാണം അനിശ്ചിതത്വത്തിലായ പെരുമൺ- പേഴുംതുരുത്ത് പാലത്തിന്റെ മദ്ധ്യഭാഗത്തെ സ്പാനുകളുടെ ഡിസൈൻ തയ്യാറാക്കുന്നതിന് കരാറായി. കരാർ ലഭിച്ച എൽ ആൻഡ് ടി കമ്പനി രണ്ടാഴ്ചക്കകം ഡിസൈൻ ലഭ്യമാക്കും. ഇതോടെ
നിറുത്തിയ ജോലികൾ ഉടൻ പുനരാരംഭിക്കാൻ കഴിയുമെന്നും പാലം വേഗം യാഥാർത്ഥ്യമാകുമെന്നുമാണ് പ്രതീക്ഷ. ഡിസൈൻ ലഭിക്കാത്തിനാൽ മദ്ധ്യഭാഗത്തെ സ്പാനുകളുടെ ജോലികൾ തുടങ്ങാൻ കഴിയുന്നില്ലെന്ന് കേരളകൗമുദി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. കേരളകൗമുദി വാർത്തയെ തുടർന്നാണ് ഡിസൈൻ ലഭ്യമാക്കുന്നതിനുളള നടപടികൾ വേഗത്തിലായത്. പാലത്തിന്റെ മദ്ധ്യഭാഗത്തെ 160 മീറ്റർ നീളമുളള മൂന്ന് സ്പാനുകളുടെ ഡിസെൈൻ മാറ്റി വരയ്ക്കാനുളള കൺസൾട്ടൻസിക്കായി കേരള റോഡ് ഫണ്ട് ബോർഡ് അടുത്തിടെ ടെൻണ്ടർ ക്ഷണിച്ചിരുന്നു. എൽ ആൻഡ് ടി,ഡൽഹി ബി ആൻഡ് എസ് എൻജിനിയറിംഗ് കമ്പനി എന്നീ രണ്ട് കമ്പനികൾ ടെൻഡർ സമർപ്പിച്ചു. ഡിസൈനുകൾ കേരള റോഡ് ഫണ്ട് ബോർഡ് നിയോഗിച്ച എൻജിനിയറിംഗ് കോളേജിലെ രണ്ട് പ്രൊഫസർമാർ, കിഫ്ബിയുടെ വിദഗ്ദസമിതി അംഗം എന്നിവരുൾപ്പെട്ട മൂന്നംഗ സമിതിക്ക് മുന്നിൽ അവതരിപ്പിക്കുകയും ഡിസൈനുകളുടെ താരതമ്യ പഠനത്തിന് ശേഷം മികച്ച കൺസൾട്ടൻസിയെ തിരഞ്ഞെടുക്കുകയുമായിരുന്നു.
തർക്കം മദ്ധ്യഭാഗത്തെ ഡിസൈനിൽ
പാലത്തിന്റെ മദ്ധ്യഭാഗത്തെ മൂന്ന് സ്പാനുകളുടെ ഡിസൈനുകളെ ചൊല്ലി കരാർ കമ്പനിയും കേരള റോഡ് ഫണ്ട് ബോർഡും തമ്മിലുളള തർക്കം കാരണം ഈ ഭാഗത്തെ ജോലികൾ നീളുകയായിരുന്നു. ടെൻണ്ടർ ക്ഷണിച്ചപ്പോഴുളള ഡിസൈൻ മാറ്റി പുതിയ ഡിസൈനിൽ മദ്ധ്യഭാഗം നിർമ്മിക്കണമെന്ന നിർദ്ദേശമാണ് തർക്കത്തിനിടയാക്കിയത്. ഒടുവിൽ റോഡ് ഫണ്ട് ബോർഡ് ഡിസൈൻ തയ്യാറാക്കി നൽകാൻ തീരുമാനിക്കുകയായിരുന്നു.
മദ്ധ്യ ഭാഗത്തെ സ്പാനുകളുടെ ഒഴികെ പാലത്തിന്റെ ബാക്കി ജോലികൾ ഏതാണ്ട് പൂർത്തിയായി. അപ്രോച്ച് റോഡിന്റെ നിർമ്മാണം കൂടി പൂർത്തിയാകാനുണ്ട്.