കൊല്ലം: അച്ചൻകോവിൽ, പത്തനംതിട്ട ജില്ലയിലെ സീതത്തോട്, അട്ടത്തോട് തുടങ്ങിയ ഊരുകളിലെ ഗോത്രവിഭാഗത്തിലെ 20 യുവതികളുടെ വിവാഹം നവംബർ 1ന് രാവിലെ 10.30ന് പത്തനാപുരം ഗാന്ധിഭവനിൽ നടക്കുമെന്ന് ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആദിവാസികളുടെ ക്ഷേമത്തിന് മികച്ച സേവനം ചെയ്യുന്ന അങ്കണവാടി അദ്ധ്യാപികയും സാമൂഹ്യ പ്രവർത്തകയുമായ കുഞ്ഞുമോൾക്ക് 10001 രൂപയും ഫലകവും അടങ്ങുന്ന ഗാന്ധിഭവൻ ഗോത്രമിത്ര അവാർഡ് സമ്മാനിക്കും. തുടർന്ന് വിവാഹസത്കാരവും നടക്കും. വധൂവരന്മാർക്ക് സ്വർണം, താലി, വരണമാല്യം, വിവാഹവസ്ത്രം, സമ്മാനങ്ങൾ, യാത്രാചെലവ് എന്നിവ ജീവകാരുണ്യ പ്രവർത്തകരായ എ. ജയന്തകുമാർ, എവർമാക്സ് ബഷീർ, തലവടി പി.ആർ. വിശ്വനാഥൻ നായർ, അഡ്വ. രാജീവ് രാജധാനി എന്നിവർ നൽകും.
200ലധികം ആദിവാസി കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുക്കും. മൂന്ന് മാസം മുമ്പ് അഞ്ച് ആദിവാസി യുവതികളുടെ വിവാഹം പത്തനംതിട്ട മഞ്ഞത്തോട് ആദിവാസി ഊരിലും മൂന്ന് യുവതികളുടെ വിവാഹം പത്തനാപുരം ഗാന്ധിഭവനിലും നടത്തിയെന്നും ഗാന്ധിഭവൻ സെക്രട്ടറി അറിയിച്ചു. സംഘാടക സമിതി ചെയർമാൻ എ. ജയന്തകുമാർ, സെക്രട്ടറി എവർമാക്സ് ബഷീർ, പി.ആർ.ഒ അഡ്വ. രാജീവ് രാജധാനി, കൺവീനർ പി.ആർ.വി. നായർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.