ചവറ: ലാഭത്തിനപ്പുറം രാജ്യത്തെയും കേരളത്തിലെയും ഭാവി തലമുറയെ ദുർബലപ്പെടുത്തുകയാണ് ലഹരി മാഫിയയുടെ പ്രധാന ലക്ഷ്യമെന്ന് മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ പറഞ്ഞു. കേരളകൗമുദിയുടെയും എക്സൈസ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ശങ്കരമംഗലം ഗവ. എച്ച്.എസ്.എസിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വർത്തമാനകാലത്തെ ഏറ്റവും വലിയ സാമൂഹ്യ പ്രശ്നമായി ലഹരി ഉപയോഗം മാറിയിരിക്കുന്നു. ഭാവിയിൽ രാജ്യത്തെ നയിക്കേണ്ട നല്ല പൗരന്മാരെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ സ്കൂളുകളും കലാലയങ്ങളും കേന്ദ്രീകരിച്ചാണ് ഇപ്പോൾ ലഹരി വില്പനക്കാർ പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ സംസ്ഥാന സർക്കാർ ലഹരിക്കെതിരെ ശക്തമായ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുകയാണ്. കെണിയിലാക്കാൻ വരുന്ന ലഹരിയുടെ ശക്തികളോട് ജാഗ്രത പാലിക്കണം. കെണിയിലകപ്പെട്ടാൽ ജീവിതം തന്നെ പ്രതിസന്ധിയിലാകും. അതുകൊണ്ട് ലഹരിയെ പ്രതിരോധിക്കാൻ കൂട്ടായ പരിശ്രമം വേണമെന്നും ടി. മനോഹരൻ പറഞ്ഞു.

കേരളകൗമുദി യൂണിറ്റ് ചീഫും റെസിഡന്റ് എഡിറ്ററുമായ എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, ജില്ലാ പഞ്ചായത്ത് അംഗം സി.പി.സുധീഷ് കുമാർ, ചവറ പഞ്ചായത്ത് പ്രസിഡന്റ് കെ.ബാബു, സ്കൂൾ പി.ടി.എ പ്രസിഡന്റ് ജയജിത്ത്, എസ്.എം.സി ചെയർമാൻ ശ്രീവല്ലഭൻ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് സി.കെ.അനിത സ്വാഗതവും കേരളകൗമുദി ചവറ ലേഖകൻ ബിനു പള്ളിക്കോടി നന്ദിയും പറഞ്ഞു. കരുനാഗപ്പള്ളി റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടറും വിമുക്തി കോ- ഓർഡിനേറ്ററുമായ പി.എൽ.വിജിലാൽ ബോധവത്കരണ ക്ലാസ് നയിച്ചു.

വിദ്യാർത്ഥികൾ ലഹരിവിരുദ്ധ സന്ദേശങ്ങളുടെ പ്രചാരകരാകണം. ലഹരിയുടെ ദോഷവശങ്ങളെക്കുറിച്ചുള്ള സന്ദേശങ്ങൾ നാടെമ്പാടും എത്തിക്കണം, ലഹരി ഉപയോഗിക്കുന്ന സുഹൃത്തുക്കളെ ചേർത്തുനിറുത്തി തിരുത്തണം.

സന്തോഷ് തുപ്പാശേരി, പ്രസിഡന്റ്,

ചവറ ബ്ലോക്ക് പഞ്ചായത്ത്

ലഹരിക്കെതിരായ പോരാട്ടത്തിൽ ഒറ്റക്കെട്ടായി നിൽക്കണം. ലഹരി ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ അദ്ധ്യാപകരെയും എക്സൈസിനെയും അറിയിക്കുന്നതിൽ വിദ്യാർത്ഥികൾ കണിശത കാണിക്കണം.

സി.പി. സുധീഷ് കുമാർ,

ജില്ലാ പഞ്ചായത്ത് അംഗം

ലഹരി വില്പനക്കാരുടെ യഥാർത്ഥ ലക്ഷ്യം തിരിച്ചറിയണം. സമ്പത്ത് മാത്രമല്ല ലഹരിയുടെ ആദ്യ കണ്ണികളുടെ ലക്ഷ്യം. അവർക്ക് രാജ്യത്തെ തകർക്കുകയെന്ന ലക്ഷ്യമാണുള്ളത്. പുതുതലമുറയെ തകർക്കുകയെന്ന ലഹരിമാഫിയയുടെ ലക്ഷ്യം തിരിച്ചറിഞ്ഞ് പ്രതിരോധിക്കണം.

കെ. ബാബു, പ്രസിഡന്റ്

ചവറ പഞ്ചായത്ത്

ലഹരിവില്പനയുടെ അവസാന കണ്ണികൾ മാത്രമാണ് പലപ്പോഴും പിടിയിലാകുന്നത്. ലഹരിക്കെതിരായ പോരാട്ടത്തിൽ സൂക്ഷ്മത വേണം. സ്വയം ലഹരി ഉപയോഗിക്കില്ലെന്ന് ഉറപ്പിക്കുന്നതിനൊപ്പം മറ്റുള്ളവരെയും ഈ വഴിയിലേക്ക് നയിക്കണം.

ജയജിത്ത്, പി.ടി.എ പ്രസിഡന്റ്

ലഹരി ഉപയോഗം സ്വയം നശിപ്പിക്കുന്നതിന് തുല്യമാണ്. ഒരു തവണ ഉപയോഗിച്ചാൽ പൂർണമായും കീഴ്പ്പെടുത്തുകയെന്നത് ലഹരിപദാർത്ഥങ്ങളുടെയെല്ലാം പൊതുവായ പ്രത്യേകതയാണ്. അതുകൊണ്ട് ജീവിതത്തിൽ ഒരിക്കലും ലഹരി ഉപയോഗിക്കില്ലെന്ന് പ്രതിജ്ഞയെടുക്കണം.

ശ്രീവല്ലഭൻ, എസ്.എം.സി ചെയർമാൻ

ലഹരി തകർത്ത ജീവിതങ്ങളിലൂടെ

ബോധവത്കരണം

ലഹരി ഉപയോഗം തകർത്ത നിരവധി ജീവിതങ്ങൾ കഥാരൂപത്തിൽ അവതരിപ്പിച്ച് കരുനാഗപ്പള്ളി റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടറും വിമുക്തി കോ- ഓർഡിനേറ്ററുമായ പി.എൽ.വിജിലാൽ വിദ്യാർത്ഥികളുടെ ഹൃദയങ്ങളിൽ ലഹരിക്കെതിരായ പ്രതിരോധ മതിൽ തീർത്തു.

ലഹരിപദാർത്ഥങ്ങൾ കാൻസർ അടക്കമുള്ള മാരക രോഗങ്ങളിലേക്ക് നയിക്കുന്നതിനൊപ്പം മാനസികമായും തകർക്കും. തമിഴ്നാട് അടക്കമുള്ള സ്ഥലങ്ങളിൽ കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന ലഹരിവസ്തുക്കളാണ് ഇവിടെ വൻവിലയ്ക്ക് വിൽക്കുന്നത്. ലഹരി ഉപയോഗിച്ചാൽ ചിന്തകനും എഴുത്തുകാരനും കലാകാരനും ആകാൻ കഴിയുമെന്നാണ് പലരുടെയും ധാരണ. ലഹരി ഒരിക്കലും പ്രതിഭയെ ഉത്തേജിപ്പിക്കില്ല, നശിപ്പിക്കുകയേയുള്ളുവെന്ന് വിജിലാൽ പറഞ്ഞു. ലഹരി ഓരോ വ്യക്തികളുടെയും ശരീരത്തെയും മനസിനെയും തകർത്ത് സാമൂഹ്യവിപത്തായി മാറുന്നതെങ്ങനെയെന്നും അദ്ദേഹം വിശദീകരിച്ചു.