
കൊല്ലം: തങ്കശ്ശേരി പുന്നത്തല കോവിൽ മാതാ ജംഗ്ഷനിലെ അനന്യനഗറിൽ സ്ഥാപിക്കുന്ന മൊബൈൽ ടവറിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ജനവാസ കേന്ദ്രങ്ങളിൽ നിന്ന് 100 മീറ്റർ അകലത്തിൽ നിർമ്മിക്കണമെന്ന നിബന്ധന പോലും പാലിക്കാതെയാണ് ടവർ നിർമ്മാണം നടത്തുന്നതെന്ന് പ്രദേശവാസികൾ ആരോപിച്ചു. തൊട്ടടുത്തുള്ള പതിനെട്ടുമുറി, നളന്ദ നഗർ, രാമേശ്വരം, ബിഷപ്പ് പാലസ് എന്നിവിടങ്ങളിൽ ടവർ നിർമ്മിക്കാൻ ശ്രമം നടന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. ടവറിന്റെ മറവിൽ അഞ്ച് തരത്തിലുള്ള ഹെവി ചാനലുകൾ നിർമ്മിച്ച് മൊബൈൽ ഹബ് സ്ഥാപിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ആക്ഷേപമുയരുന്നുണ്ട്. ടവർ സ്ഥാപിക്കുന്നതിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് നിലവിൽ 250ഓളം പേർ പങ്കെടുക്കുന്ന ജനകീയസമരവും ധർണയും കൂടുതൽ ശക്തമാക്കുമെന്ന് സമരസമിതി അറിയിച്ചു.