 
എഴുകോൺ : ജില്ലാ പഞ്ചായത്ത് 10 കോടി രൂപ ചെലവഴിച്ച് കരീപ്രയിൽ നിർമ്മിച്ച വനിതാ വ്യവസായ എസ്റ്റേറ്റ് കടയ്ക്കോട് ചൂഴതിൽ ഗ്രാമത്തിന്റെ വികസന പ്രതീക്ഷയാവുകയാണ്. വ്യവസായ യൂണിറ്റുകൾ എത്തുന്നതോടെ കൂടുതൽ പേർക്ക് തൊഴിൽ ലഭിക്കുമെന്നതാണ് ഏറ്റവും പ്രധാന കാര്യം. ചൂഴതിലേക്കെത്തുന്ന റോഡുകൾ വിശാലവും ഉന്നത നിലവാരമുള്ളതുമായതുകൊണ്ട് സംരംഭകരെ ആകർഷിക്കുമെന്ന കാര്യത്തിൽ സംശയമില്ല. തണ്ണീർത്തട പ്രദേശമായതിനാൽ മതിയായ ജലം കിട്ടുമെന്ന ഉറപ്പുമുണ്ട്.
2.05 കോടി രൂപ - 293 സെന്റ് ഭൂമി
സംരംഭകർക്ക് ഭൂമിയും കെട്ടിടവും 
ജില്ലാ പഞ്ചായത്തിന്റെ 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കരീപ്ര വ്യവസായ എസ്റ്റേറ്റിന് ഭൂമി വാങ്ങിയത്. 2.05 കോടി രൂപ ചെലവഴിച്ചാണ് കടയ്ക്കോട് ചൂഴതിലുള്ള 293 സെന്റ് ഭൂമി വാങ്ങിയത്. 7 ഷെഡുകളും 2 ബഹുനില കെട്ടിടങ്ങളിലായി 8 മുറികളും 275 ചതുരശ്ര അടി വിസ്തീർണ്ണമുള്ള മറ്റു 3 മുറികളുടെയും നിർമ്മാണം പൂർത്തിയായിട്ടുണ്ട്. 4 ഷെഡുകളുടെ നിർമ്മാണം പുരോഗതിയിലാണ്. ജില്ലയെ സംരംഭകത്വ സൗഹൃദമാക്കുന്നതിനാണ് വ്യവസായ എസ്റ്റേറ്റുകളിലൂടെ ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നത്. സംരംഭകർക്ക് വ്യവസായ യൂണിറ്റുകൾ ആരംഭിക്കുന്നതിന് ഭൂമിയും കെട്ടിടവും ലഭ്യമാക്കാനാണ് വ്യവസായ എസ്റ്റേറ്റുകൾ ലക്ഷ്യമിടുന്നത്.
നാടിന് സമർപ്പിച്ചു
മന്ത്രി കെ.എൻ. ബാലഗോപാൽ വ്യവസായ എസ്റ്റേറ്റ് നാടിന് സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സാം കെ.ഡാനിയൽ അദ്ധ്യക്ഷനായി. വികസന സ്ഥിരം സമിതി അദ്ധ്യക്ഷ ജെ.നജീബത്ത് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ആർ.ദിനേശ് പദ്ധതി വിശദീകരിച്ചു. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ശിവപ്രസാദ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ വസന്ത രമേശ്, ഡോ.പി.കെ.ഗോപൻ, അഡ്വ. അനിൽ എസ്.കല്ലേലിഭാഗം, കരീപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. പ്രശോഭ, ജില്ലാ ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജയശ്രീ വാസുദേവൻപിള്ള, ആശാദേവി, സുനിത രാജേഷ്,ശ്രീജ ഹരീഷ്, പ്രിജി ശശിധരൻ , ആർ.രശ്മി, ടി.എസ്. ഓമനകുട്ടൻപിള്ള , എം.തങ്കപ്പൻ, എ.അഭിലാഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബിനുൻ വാഹിദ്, ആർ.മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സുമ ലാൽ സ്വാഗതവും സീനിയർ സൂപ്രണ്ട് എ.കബീർദാസ് നന്ദിയും പറഞ്ഞു.
യുവ വനിതാ സംരംഭകർക്ക് ഏറെ ഗുണം ചെയ്യുന്നതാണ് വനിതാ വ്യവസായ എസ്റ്റേറ്റ്. പ്രദേശവാസികൾ ഏറെ പ്രതീക്ഷയിലാണ്.
എസ്.സദാനന്ദൻ
റിട്ട. അദ്ധ്യാപകൻ
ഗ്രാമീണ മേഖലയിലെ വികസനക്കുതിപ്പിന് വ്യവസായ കേന്ദ്രങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി മികച്ച തൊഴിലവസരം സൃഷ്ടിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.വ്യവസായ എസ്റ്റേറ്റുകളുടെ പ്രവർത്തനങ്ങൾ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കും.
കെ.എൻ ബാലഗോപാൽ
ധനകാര്യ വകുപ്പ് മന്ത്രി