കൊല്ലം: കൊട്ടാരക്കര പൊലീസ് സ്റ്റേഷന് സ്ഥലം മാറ്റം, കെട്ടിടം നിർമ്മിക്കാൻ തുക അനുവദിച്ചു. കൊല്ലം-തിരുമംഗലം ദേശീയപാതയോരത്ത് ഗണപതി ക്ഷേത്രം ജംഗ്ഷനിൽ(കച്ചേരിമുക്ക്) നിന്ന് ഗവ.ഗേൾസ് ഹൈസ്കൂളിന് സമീപം പൊലീസ് ക്വാർട്ടേഴ്സുകൾ നിലനിന്നിരുന്ന ഭാഗത്തേക്കാണ് സ്റ്റേഷൻ മാറ്റി സ്ഥാപിക്കുക. രണ്ടരക്കോടി രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. 7350 ചതുരശ്ര അടി വിസ്തീർണമുള്ളതാണ് പുതിയ കെട്ടിടം. കേരള പൊലീസ് ഹൗസിംഗ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് നിർമ്മാണ ചുമതല.
മെച്ചപ്പെട്ട സൗകര്യങ്ങൾ
അത്യാധുനിക സൗകര്യങ്ങളുള്ള കെട്ടിടമാണ് പൊലീസ് സ്റ്റേഷന് വേണ്ടി നിർമ്മിക്കുന്നത്. താഴത്തെ നിലയിൽ റിസപ്ഷൻ, ലോബി ഏരിയ, സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ഓഫീസ്, ക്രമസമാധാന ചുമതലയുള്ള എസ്.ഐയുടെ ഓഫീസ്, റൈറ്ററുടെ ഓഫീസ്, സേനയുടെ ആയുധം സൂക്ഷിക്കുന്നതിനുള്ള മുറി, വനിതകളുടെയും പുരുഷൻമാരുടെയും ലോക്കപ്പ് മുറികൾ, ഭിന്നശേഷിക്കാർക്ക് ഉൾപ്പെടെയുള്ള ടോയ്ലറ്റ് സംവിധാനങ്ങൾ എന്നിവയാണുള്ളത്. ഒന്നാം നിലയിൽ എസ്.ഐമാരുടെ ഓഫീസുകൾ, കമ്പ്യൂട്ടർ റൂം, തൊണ്ടി- റെക്കാഡ് മുറികൾ, ടോയ്ലറ്റുകൾ എന്നിവയുണ്ടാകും. കോൺഫറൻസ് ഹാളും റിക്രിയേഷൻ മുറിയും പൊലീസുകാരുടെ വിശ്രമ മുറികളും അടുക്കള, ഡൈനിംഗ് ഹാൾ, ടോയ്ലറ്റുകൾ എന്നിവയാണ് മുകളിലത്തെ നിലയിൽ. ശിശു, സ്ത്രീ സൗഹൃദ സംവിധാനങ്ങൾ, ഗാർഡനിംഗ്, പാർക്കിംഗ് സൗകര്യം എന്നിവയും പുതിയ സ്റ്റേഷനിലൊരുക്കും. കസ്റ്റഡി വാഹനങ്ങളും മറ്റ് സാധനങ്ങളും സൂക്ഷിക്കാനും പ്രത്യേക ഇടമൊരുക്കും.
പൊലീസ് ട്രെയിനിംഗ് സെന്റർ
മൂന്ന് ഏക്കർ ഭൂമിയാണ് ഗേൾസ് ഹൈസ്കൂളിന് സമീപത്തായി പൊലീസിനുള്ളത്. ജില്ലാ പൊലീസ് ട്രെയിനിംഗ് സെന്ററിന്റെ നിർമ്മാണം ഇവിടെ നടന്നുവരികയാണ്. രണ്ട് ഫ്ളാറ്റ് സമുച്ചയവും വനിതാ പൊലീസ് സ്റ്റേഷനും ഇവിടെ നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
പൊലീസ് സാന്നിദ്ധ്യം തുടരും
കച്ചേരിമുക്കിൽ നിന്ന് പൊലീസ് സ്റ്റേഷന്റെ പ്രവർത്തനം മാറ്റിയാലും പൊലീസിന്റെ സാന്നിദ്ധ്യം ഇവിടെ ഉറപ്പാക്കും. ട്രാഫിക് സ്റ്റേഷനായി ഇവിടം വിട്ടുകൊടുക്കാനും ആലോചനയുണ്ട്.
........................................................................................................................
കൊട്ടാരക്കര പൊലീസ് സ്റ്റേഷന് പരിമിതികളിൽ നിന്ന് മോക്ഷം ഉണ്ടാവുകയാണ്. രണ്ടരക്കോടി രൂപയുടെ കെട്ടിട നിർമ്മാണ പദ്ധതിയുടെ പ്രാരംഭ നടപടികൾ പൂർത്തിയായി. ഉടനെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങും
മന്ത്രി കെ.എൻ.ബാലഗോപാൽ