ഓയൂർ: ചെങ്കുളം കുരിശിൻ മൂട്ടിൽ റബർ നഴ്സറിലെ കുളത്തിൽ സ്ഥാപിച്ചിരുന്ന ജലസേചന പമ്പ് സെറ്റ് മോഷ്ടിച്ചു. കുരിശിൽ മൂട് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന രാജുവിന്റെ ഉടമസ്ഥതയിലുള്ള നെല്ലിവിള റബർ നഴ്സറിയിൽ നിന്നാണ് ഒരു എച്ച്.പിയുടെ പമ്പ് സെറ്റ് കവർന്നത്. ചൊവ്വാഴ്ച്ച രാത്രിയിലായിരുന്നു സംഭവം. സംരക്ഷണ വേലി കെട്ടാനുപയോഗിച്ചിരുന്ന കാറ്റാടി കഴയും നെറ്റും തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ ഷെഡിൽ കടന്ന് ഇലക്ട്രിക്കൽ വയർ അറുത്ത് മാറ്റിയ ശേഷം കുളത്തിൽ നിക്ഷേപിച്ചിരുന്ന പമ്പ് സെറ്റ് ഇളക്കി കൊണ്ട് പോവുകയായിരുന്നു. വേലിപൊളിഞ്ഞ് വീണ് അൻപതോളം റബർ തൈകളും നശിച്ചതായി നഴ്സറി ഉടമ പറഞ്ഞു. ചെങ്കുളം കുരിശിൻ മൂട് കേന്ദ്രീകരിച്ച് സമാഹ്യവിരുദ്ധശല്യവും മോഷണവും വർദ്ധിച്ചു വരുന്നതായും ഏലാകളിൽ നിന്ന് കാർഷികവിളകൾ സ്ഥിരമായി മോഷണം പോകാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ പൂയപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.