padam
പാടശേഖരസമിതിയുടെ നേതൃത്വത്തിൽ ത്രിവേണി പാടശേഖരം കൃഷിക്ക് അനുയോജ്യമാക്കുന്നു

കൊല്ലം: കൊല്ലത്തിന്റെ നെല്ലറയായിരുന്ന കിഴക്കേ കല്ലടയിലെ ത്രിവേണി പാടശേഖരം വീണ്ടും കതിരണിയാൻ ഒരുങ്ങുന്നു. നെൽകൃഷിക്കായി പാടം ഒരുക്കുന്ന ജോലികൾ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, മൈനർ ഇറിഗേഷൻ, പാടശേഖര സമിതി എന്നിവയുടെ നേതൃത്വത്തിലാണ് തരിശുപാടം കൃഷിയോഗ്യമാക്കുന്നത്.

കാടുകയറിയ പാടം വൃത്തിയാക്കുക എന്നതായിരുന്നു ആദ്യ നടപടി.

പാടശേഖരത്തെ നീരൊഴുക്കിന് സഹായകമായ അമ്പിത്തോടിന്റെ ശുചീകരണവും പിന്നാലെ ആരംഭിച്ചു. ചിറ്റുമല ചിറയിൽ നിന്ന് കല്ലടയാറ്റിലേക്ക് ഒഴുകുന്ന അമ്പിത്തോട് വർഷങ്ങളായി നവീകരണമില്ലാതെ ചെളിയും പായലും നിറഞ്ഞ് ഒഴുക്ക് നിലച്ച മട്ടായിരുന്നു. ഒന്നര കിലോമീറ്റർ വരുന്ന തോടിന്റെ പാടത്തോട് ചേർന്നു കിടക്കുന്ന ഭാഗമാണ് ആദ്യം നവീകരിക്കുക. കഴിഞ്ഞ 30 വർഷമായി തരിശുകിടന്ന ത്രിവേണി പാടശേഖരത്തെ കൃഷിയോഗ്യമാക്കാൻ നേതൃത്വം നൽകുന്നത് നൂറ്റി അമ്പതോളം വരുന്ന ഉടമകളാണ്.

കുട്ടനാട്ടിൽ നിന്നുളള പാടശേഖര സമിതി പ്രവർത്തകർ കൃഷിയുടെ ആദ്യഘട്ടത്തിന് മേൽനോട്ടം വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസി‌ഡന്റ് ഉമാദേവി അമ്മയുടെ അദ്ധ്യക്ഷതയിൽ ചിറ്റുമല ബ്ളോക്ക് പഞ്ചായത്ത് പ്രഡിഡന്റ് ജയദേവി മോഹൻ ഉദ്ഘാടനം ചെയ്തു.

അതേസമയം, ചിറ്റുമല ചിറയിൽ ബണ്ട് ബലപ്പെടുത്തി സമീപത്തെ പുഞ്ചയിൽ കൃഷിയിറക്കാൻ കൃഷിവകുപ്പ് പദ്ധതിയിട്ടെങ്കിലും ഇനിയും നടപ്പായിട്ടില്ല.

ത്രിവേണി പാടശേഖരം

 വിസ്‌തീർണം 200 ഹെക്ടർ

 ആദ്യഘട്ടം 150 ഹെക്ടർ കൃഷിയോഗ്യമാക്കും

ത്രിവേണി, കുട്ടനാടൻ പാടശേഖരസമിതിയുമായി 5 വർഷത്തെ കരാർ

 29ന് കർഷകരുടെ വിപുലമായ യോഗം