photo

പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയിലെ കുഴികൾ അടച്ച്, പാതയോരത്ത് അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങളും മുറിച്ച് നീക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അംഗം ദേശീയ പാത വിഭാഗം ഓഫീസിന് മുന്നിൽ ഒറ്റയാൾ സമരം നടത്തി. തെന്മല ഗ്രാമ പഞ്ചായത്ത് അംഗം നാഗരാജനാണ് ഇന്നലെ രാവിലെ ഒറ്റയാൻ സമരം നടത്തിയത്. തെന്മല ഡാം റോഡിലെ ഒന്നും രണ്ടും വളവുകളിൽ രൂപപ്പെട്ട കൂറ്റൻ കുഴികൾ കാരണം വാഹനാപകടങ്ങൾ നിത്യസംഭവമായി മാറുകയാണ്. ഇത് കണക്കിലെടുത്ത് ഈ രണ്ട് ഭാഗങ്ങളിലെയും കുഴികൾ ഒരാഴ്ച്ചക്കുള്ളിൽ അടക്കുമെന്ന് ഉദ്യോഗസ്ഥർ നൽകിയ ഉറപ്പിനെ തുടർന്ന് സമരം അവസാനിപ്പിച്ചു. കഴിഞ്ഞ മാസം തെന്മല, ഒറ്റക്കൽ വാർഡുകളിൽ ആഴ്ചകളോളം കുടിവെള്ള വിതരണം മുടങ്ങിയതിൽ പ്രതിഷേധിച്ച് നാഗരാജൻ പുനലൂരിലെ വാട്ടർ അതോറിട്ടി ഓഫീസിൽ കുടങ്ങളുമായി എത്തി ഒറ്റയാൾ സമരം നടത്തിയിരുന്നു.