photo
പാറ്റോലി തോട്ടിൽ നടക്കുന്ന നവീകരണ പ്രവർത്തനങ്ങൾ

കരുനാഗപ്പള്ളി: കാലങ്ങളായി പാറ്റോലി തോടിന് സമീപത്ത് താമസിക്കുന്നവർ അനുഭവിക്കുന്ന ദുരിതത്തിന് ശാശ്വത പരിഹാരമാകുന്നു. കരുനാഗപ്പള്ളി മാർക്കറ്റിന് കിഴക്ക് വശത്തുള്ള 35 ഓളം കുടുംബങ്ങൾക്കാണ് വെള്ളക്കെട്ടിൽ നിന്ന് മോചനമാകുന്നത്. മഴയത്ത് മഴവെള്ളവും വേനൽക്കാലത്ത് വേലിയേറ്റവുമാണ് ഇവരുടെ ജീവിതം ദുരിത പൂർണമാക്കിയിരുന്നത്. രണ്ട് സമയങ്ങളിലും തോട്ടിൽ നിന്ന് വെള്ളം കരയിലേക്ക് ഇരച്ച് കയറി വീടിന്റെ മുറികൾ വെള്ളത്തിൽ മുങ്ങുമായിരുന്നു. രാത്രിയിൽ കൈക്കുഞ്ഞുങ്ങളെയും ഒക്കത്തെടുത്താണ് അമ്മാർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഓടിയിരുന്നത്. ആ ദുരതത്തിനാണ് ഇപ്പോൾ ശാശ്വത പരിഹാരമാകുന്നത്.

കേരള കൗമുദി വാർത്ത തുണയായി

തോടിന്റെ നവീകരണത്തിനും വശങ്ങളിൽ ഉയരത്തിൽ ഭിത്തി നിർമ്മിക്കുന്നതിനും കഴിഞ്ഞ സർക്കാർ 42 ലക്ഷം രൂപ അനുവദിച്ചിരുന്നു. പാറ്റോലി തോടും താമസക്കാരുടെ ദുരിതവും കാണിച്ച് കേരള കൗമുദി പത്രത്തിൽ വന്ന വാർത്തയെ തുടർന്ന് ഡിവിഷൻ കൗൺസിലർ റെജി ഫോട്ടോപാർക്ക് ജലസേചന മന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് തുക അനുവദിച്ചത്.

തോടിന്റെ ആഴം കൂട്ടി, ഉയരത്തിൽ ഭിത്തി കെട്ടി

തോടിന്റെ നവീകരണം ആരംഭിച്ചിട്ട് മൂന്നാഴ്ചകൾ പിന്നിടുകയാണ്. തോടിന്റെ ഇരുവശങ്ങളിലും 180 മീറ്റർ ഉയരത്തിലുള്ള ഭിത്തി നിർമ്മാണം ഏകദേശം പൂർത്തിയായി. മഴയത്തും വേലിയേറ്റത്തിലും തോട്ടിൽ നിന്ന് വെള്ളം കരയിലേക്ക് കയറുന്നത് തടയാൻ കഴിയുന്നത്ര പൊക്കത്തിലാണ് ഭിത്തി നിർമ്മിച്ചിരിക്കുന്നത്. തോടിന്റെ വശങ്ങളിൽ പാറ ഉപയോഗിച്ച് ഉയരത്തിൽ ഫൗണ്ടേഷൻ കെട്ടി അതിന് മുകളിലാണ് കോൺക്രീറ്റ് ഭിത്തി നിർമ്മിച്ചിരിക്കുന്നത്. തോടിന്റെ ആഴം കൂട്ടലും ആരംഭിച്ചു. രണ്ടുദിവസം കൊണ്ട് പൂർത്തിയാകുമെന്ന് കരാറുകാരൻ പറഞ്ഞു. രണ്ട് ആഴ്ചയ്ക്കുള്ളിൽ മുഴുവൻ നിർമ്മാണങ്ങളും പൂർത്തിയാക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു.

പാറ്റോലി തോടിന്റെ വശങ്ങളിൽ താമസിക്കുന്നവർ വെള്ളക്കെട്ടിൽ നിന്ന് മോചിതരാകുകയാണ്. ഇനി റോഡും തോടിന് മീതേ നടപ്പാലവും നിർമ്മിക്കും .സർക്കാരിൽ നിന്ന് അതിനുള്ള ഫണ്ട് കണ്ടെത്തണം. പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടുണ്ട്. റെജി ഫോട്ടോപാർക്ക്, കൗൺസിലർ,

കരുനാഗപ്പള്ളിനഗരസഭ