anusmaramam-
സിപിഐ പാവുമ്പ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും എഐടിയുസി സംസ്ഥാന കൗൺസിൽ അംഗവുമായിരുന്ന പി കാസിം കുഞ്ഞ് അനുസ്മരണത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പ്രസംഗിക്കുന്നു.

പാവുമ്പ: ഭരണഘടനാ മൂല്യങ്ങൾ ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു.സി.പി.ഐ പാവുമ്പ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും എ.ഐ.ടി.യു.സി സംസ്ഥാന കൗൺസിൽ അംഗവും പ്രവാസി ഫെഡറേഷന്റെ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന പി. കാസിം കുഞ്ഞ് അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതരത്വം എന്ന വാക്ക് ഭരണഘടനയിൽ നിന്ന് ഒഴിവാക്കുവാനും രാജ്യത്തെ മതാധിഷ്ഠിത രാജ്യമാക്കാനും നീക്കം നടക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സി.പി.ഐ ഓച്ചിറ മണ്ഡലം കമ്മിറ്റി അംഗം എ.മുഹമ്മദ് കുഞ്ഞ് അദ്ധ്യക്ഷനായി. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ.ആർ.സജിലാൽ, കാർഷിക വികസന ബാങ്ക് പ്രസിഡന്റ് ആർ.സോമൻ പിള്ള, സി.പി.ഐ ജില്ലാ കൗൺസിൽ അംഗം കടത്തൂർ മൻസൂർ, ഓച്ചിറ മണ്ഡലം സെക്രട്ടറി എസ്.കൃഷ്ണകുമാർ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.അനിൽ എസ്.കല്ലേലിഭാഗം, തഴവ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ഷൈലജ,ബി.കെ.എം.യു ഓച്ചിറ മണ്ഡലം സെക്രട്ടറി പി.കെ.വാസുദേവൻ എന്നിവർ സംസാരിച്ചു.സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം കടമ്പാട്ട് ഗോപാലകൃഷ്ണൻ സ്വാഗതവും ലോക്കൽ കമ്മിറ്റി അംഗം കവിത മാധവൻ നന്ദിയും പറഞ്ഞു.