കൊല്ലം: ആലാട്ട്കാവ് ഡിവിഷനിലെ കുടുംബശ്രീ യൂണിറ്റിനെതിരെ ഉയർന്ന സാമ്പത്തിക ക്രമക്കേട് ആരോപണവുമായി ബന്ധപ്പെട്ട് കൗൺസിൽ യോഗത്തിൽ ബഹളം. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കൗൺസിൽ യോഗത്തിൽ ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഉയർത്തിക്കാട്ടിയ മിനിട്‌സ് രേഖകൾ വ്യാജമാണെന്നും സ്ഥിരം സമിതി അദ്ധ്യക്ഷൻ രാജിവയ്ക്കണമെന്നുമുള്ള യു.ഡി.എഫ് അംഗങ്ങളുടെ ആവശ്യമാണ് ബഹളത്തിന് ഇടയാക്കിയത്.
സ്ഥിരം സമിതി അദ്ധ്യക്ഷനെ പിന്തുണച്ച് ഭരണപക്ഷക്കാർ രംഗത്തെത്തിയതോടെ വാക്കേറ്റമായി. ഇതിന് പിന്നാലെ യു.ഡി.എഫ് കൗൺസിലർമാർ യോഗം ബഹിഷ്‌കരിച്ച് ഹാൾ വിട്ടിറങ്ങി. തുടർന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ ടി.ജി. ഗിരീഷ്‌കുമാറും ഇതേ ആവശ്യം ഉന്നയിച്ചതോടെ, അടുത്ത കൗൺസിൽ യോഗം മുതൽ ചർച്ചയിൽ പങ്കെടുക്കുന്നവരുടെ പേരും ചോദ്യവും മുൻകൂട്ടി എഴുതി തന്നാൽ മാത്രമേ സംസാരിക്കാൻ അവസരം ലഭിക്കുകയുള്ളുവെന്നും ആർക്കും എന്തും വിളിച്ചു പറയാവുന്ന അവസ്ഥ ഇനിയുണ്ടാകില്ലെന്നും മേയർ പറഞ്ഞു. ആലാട്ട്കാവിലെ കുടുംബശ്രീ യൂണിറ്റ് സംരംഭം തുടങ്ങാൻ തീരുമാനിച്ചെങ്കിലും അതിന്റെ ഫണ്ട് അയൽകൂട്ടത്തിന്റെ അക്കൗണ്ടിൽ വന്നത് തെറ്റാണെന്നും ജില്ലാ മിഷനും പൊലീസും അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും മേയർ വ്യക്തമാക്കി.
2019 ൽ നീരാവിൽ ഡിവിഷനിനും മങ്ങാട് ഡിവിഷനിലും പി.എം.എ.വൈ പദ്ധതിയിൽ അനർഹർക്ക് വീട് നൽകിയതായും വിവരാവകാശ മറുപടിയിൽ വ്യക്തമായ തെളിവുണ്ടെന്നും കൗൺസിലർ ഷൈലജ ആരോപിച്ചു. അത്തരമൊരു ക്രമക്കേട് ആരും തന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടില്ലെന്നും
ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ ഗൗരവമായി അന്വേഷിക്കുമെന്നും അന്നത്തെ കൗൺസിലർ, ഉദ്യോഗസ്ഥർ എന്നിവരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകൾ കണ്ടെത്തി നടപടി സ്വീകരിക്കുമെന്നും മേയർ വ്യക്തമാക്കി.
ഡെപ്യൂട്ടി മേയർ കൊല്ലം മധു, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ എസ്.ജയൻ, എസ് .ഗീതാകുമാരി, അഡ്വ.ഉദയകുമാർ, ഹണി ബഞ്ചമിൻ, യു പവിത്ര എന്നിവർ സംസാരിച്ചു. അംഗങ്ങളായ പ്രിയദർശൻ, പുഷ്പാംഗദൻ, സാബു, സുജാകൃഷ്ണൻ, നൗഷാദ്, സന്തോഷ്, സ്റ്റാൻലി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
സോണൽ ഓഫീസുകളിൽ
പരാതി പരിഹാര അദാലത്ത്
കോർപ്പറേഷൻ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിനും സാധാരണക്കാരുടെ ആവശ്യങ്ങൾക്ക് അടിയന്തര പരിഹാരം ഉണ്ടാക്കുന്നതിനുമായി അഞ്ച് സോണലുകളിലും അടുത്ത മാസം മുതൽ പരാതി പരിഹാര അദാലത്തുകൾ സംഘടിപ്പിക്കും. കൗൺസിൽ യോഗത്തിൽ അംഗങ്ങളുടെ ചർച്ചക്ക് മറുപടി പറയുകയായിരുന്നു മേയർ. കിളികൊല്ലൂർ, ഇരവിപുരം സോണൽ ഓഫീസുകളിലെ ചില ജീവനക്കാരുടെ നിരുത്തരവാദിത്വവും അനാസ്ഥയും നാട്ടുകാരിലുണ്ടാക്കുന്ന അസംതൃപ്തിയും ഭരണ പ്രതിപക്ഷ അംഗങ്ങൾ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് അദാലത്ത് നടത്താൻ തീരുമാനമായത്.