കൊല്ലം: വാട്ടർ അതോറിട്ടിയുടെ സെക്ഷൻ സ്റ്റോർ വളപ്പിൽ നിന്ന് കാസ്റ്റ് അയണും മറ്റും മോഷ്ടിച്ചയാളെയും മോഷണ മുതൽ വാങ്ങിയ ആളെയും കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടി. തൃക്കരുവ കാഞ്ഞിരംകുഴി ചെമ്പകശ്ശേരി വീട്ടിൽ നിസാം (54), തമിഴ്‌നാട് ശെങ്കൽപ്പെട്ട് ജില്ലയിൽ താലമ്പൂർ ജെ.ജെ തെരുവിൽ മണിരാജ് (47) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കൊല്ലം ബിഷപ്പ് ജെറോം നഗറിന് സമീപത്തെ വാട്ടർ അതോറിട്ടിയുടെ സെക്ഷൻ സ്റ്റോർ വളപ്പിൽ നിന്ന് പലപ്പോഴായി ഒരു ലക്ഷം രൂപയോളം വരുന്ന 143 കാസ്റ്റ് അയൺ പൈപ്പും മറ്റും നിസാം മോഷ്ടിച്ച് ലക്ഷ്മിനടയിലുള്ള ആക്രിക്കടയിൽ വിൽക്കുകയായിരുന്നു. ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കൊല്ലം ഈസ്റ്റ് ഇൻസ്‌പെക്ടർ ജി .അരുണിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ജയശങ്കർ, സാൾട്ടറസ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്തു.