കൊല്ലം: കേരളകൗമുദിയും എക്സൈസ് വകുപ്പും പുത്തൂർ സിദ്ധാർത്ഥ സെൻട്രൽ സ്കൂളുമായി ചേർന്ന് സംഘടിപ്പിക്കുന്ന 'ലഹരിമുക്ത കേരളം' സെമിനാർ ഇന്ന് സിദ്ധാർത്ഥ സെൻട്രൽ സ്കൂളിൽ നടക്കും.

മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയർത്താനുള്ള സംസ്ഥാന സർക്കാരിന്റെ വിപുലമായ പ്രചാരണ പരിപാടികൾക്കൊപ്പം ചേർന്നുള്ള പ്രവർത്തനങ്ങളുടെ ഭാഗമാണ് സെമിനാർ. രാവിലെ 10ന് ലഹരി വിരുദ്ധ സന്ദേശങ്ങളെഴുതുന്ന ഓപ്പൺ കാൻവാസ് സ്കൂൾ ചെയർപേഴ്സൺ ഗോപിക അദ്വൈത് ഉദ്ഘാടനം ചെയ്യും. തുടർന്ന് കുട്ടികളുൾപ്പെടെ കാൻവാസിൽ സന്ദേശങ്ങളെഴുതും. 10.15ന് കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫും റെസിഡന്റ് എഡിറ്ററുമായ എസ്.രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സെമിനാർ കൊട്ടാരക്കര നഗരസഭ ചെയർമാൻ എ.ഷാജു ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ആയുർവേദ മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.കെ.വി.പ്രദീപ് മുഖ്യസന്ദേശം നൽകും. കൊട്ടാരക്കര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എ.സഹദുള്ള ബോധവത്കരണ ക്ളാസെടുക്കും. സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്.സുരേഷ് കുമാർ സ്വാഗതവും കേരളകൗമുദി റിപ്പോർട്ടർ കോട്ടാത്തല ശ്രീകുമാർ നന്ദിയും പറയും. തുടർന്ന് വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കും.