കൊല്ലം: ജന്തുക്ഷേമ ജീവകാരുണ്യപ്രവർത്തകനെ മദ്യപസംഘം ആയുധം കാട്ടി ഭീഷണിപ്പെടുത്തിയതായി പരാതി. കിളികൊല്ലൂർ സ്വദേശിയായ ബാപ്പൂട്ടിയെയും അദ്ദേഹം താമസിക്കുന്ന വീടിന്റെ ഉടമസ്ഥനായ അഭിഭാഷകനെയും പ്രദേശവാസികളായ രണ്ട് പേർ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. 30 വർഷം ഏകനായി കഴിഞ്ഞിരുന്ന ബാപ്പൂട്ടിക്ക് കിളികൊല്ലൂർ സ്വദേശിയായ അഡ്വ. ജോർജ് ഉമ്മൻ 10 വർഷം മുമ്പ് തന്റെ വീട്ടിൽ അഭയം നൽകിയിരുന്നു. ആരുമില്ലാത്ത സമയത്ത് ഈ വീട്ടിൽ ചിലർ മദ്യപിക്കുന്നത് ചോദ്യം ചെയ്തതിന്റെ വിരോധത്തിലാണ് കഴിഞ്ഞദിവസം ബാപ്പൂട്ടിയെ ആക്രമിക്കാൻ ശ്രമിച്ചത്. ഇയാളെ വീട്ടിൽ നിന്ന് ഇറക്കിവിടണമെന്ന് ആവശ്യപ്പെട്ട് ആയുധം കാട്ടി അഭിഭാഷകനെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.