 
ചവറ: അക്ഷരമാണ് ലഹരി, വായനയാണ് ലഹരി എന്ന സന്ദേശവുമായി കേരള ഗ്രന്ഥശാലാസംഘം നടത്തുന്ന ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി തെക്കുംഭാഗം കാസ്കറ്റ് വായനശാല ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. കേരള സർവകലാശാല കലാതിലകം എച്ച്.ആര്യ അവതരണാവിഷ്കാരം നൽകി ശിഷ്യരാണ് വേഷമിട്ടത്. ചെറുപ്രായത്തിൽത്തന്നെ മയക്കുമരുന്നിന് അടിമപ്പെടുന്ന യുവത്വത്തിനുള്ള താക്കീതായി ഫ്ലാഷ് മോബ് മാറി.
അതിനു മുന്നോടിയായി മഠത്തിൽമുക്ക് മുതൽ നടയ്ക്കാവ് വരെ ലഹരിവിരുദ്ധ സന്ദേശ റാലി നടത്തി. ബാലവേദി അംഗം അഭിനവ് ലഹരിവിരുദ്ധ ഗാനം ആലപിച്ചു. ചടങ്ങിൽ 2021ലെ മുഖ്യമന്ത്രിയുടെ എക്സൈസ് മെഡലിന് അർഹനായ തെക്കുംഭാഗം സ്വദേശിയായ ചാത്തന്നൂർ എക്സൈസ് ഇൻസ്പെക്ടർ എം.കൃഷ്ണകുമാറിനെ കാസ്കറ്റ് രക്ഷാധികാരി ആർ.ഷാജി ശർമ ആദരിച്ചു. കൃഷ്ണകുമാർ ലഹരി വിരുദ്ധ സന്ദേശം നൽകി. ഫ്ലാഷ് മോബിൽ പങ്കെടുത്തവർക്ക് കൃഷ്ണകുമാർ ഉപഹാരം നൽകി. തുടർന്ന് അക്ഷരദീപം തെളിച്ചു. പഞ്ചായത്ത് അംഗം സ്മിത ആദ്യ ദീപം തെളിച്ചു.
പ്രസിഡന്റ് ബി.കെ.വിനോദ്, സെക്രട്ടറി കെ.എസ്.അനിൽ, ടി.പ്രദീപ്,
പി.ഷാജി, ആർ.രാജി, അജിത പ്രദീപ്, ബിന്ദു ബാബു, ലൈബ്രേറിയൻ ജയലക്ഷ്മി എന്നിവർ നേതൃത്വം നൽകി. വിവിധ സ്കൂളുകളിൽ പി.ടി.എയുമായി സഹകരിച്ച് ഫ്ലാഷ് മോബ് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.