കൊല്ലം: ഭരണഘടന സാക്ഷരത നേടിയ ആദ്യ ബ്ളോക്ക് പഞ്ചായത്തായി ചവറ തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിലായിരുന്നു പ്രഖ്യാപനം.

ആദ്യ ഗ്രാമപഞ്ചായത്തായി കുളത്തൂപ്പുഴയെ നേരത്തെ തിരഞ്ഞെടുത്തിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയേൽ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരിയെ ഷാൾ അണിയിച്ച് ആദരിച്ചു. വൈസ് പ്രസിഡന്റ് സുമലാൽ, ജില്ലാ പ്ളാനിംഗ് ഓഫീസർ പി.ജെ.ആമിന തുടങ്ങിയവർ പങ്കെടുത്തു. ആറുമാസം നീണ്ടുനിന്ന തീവ്രയ‌‌ജ്ഞത്തിലൂടെയാണ് 95 ഗ്രാമപഞ്ചായത്ത് വാർഡുകളിലായി വ്യാപിച്ചുകിടക്കുന്ന ചവറ ബ്ളോക്കിന് ഈ നേട്ടം കൈവരിക്കാനായത്. സെനറ്റർമാർ വീടുകൾ സന്ദർശിച്ച് ഭരണഘടനയുടെ ആമുഖം ഭിത്തിയിൽ പതിച്ചു. വിളംബര ജാഥകളും നടന്നു.

വീട്ടമ്മമാർ, വിദ്യാർത്ഥികൾ, തൊഴിലാളികൾ, കർഷകർ തുടങ്ങി ജനങ്ങളെ വ്യത്യസ്ത മേഖലകളായി തിരിച്ച് ക്വിസ് മത്സരങ്ങൾ, സാക്ഷരതാ പ്രവർത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ലഘുലേഖകളുടെ വിതരണം തുടങ്ങിയവ തുടർ പ്രവർത്തനങ്ങളായി നടത്തും.

സന്തോഷ് തുപ്പാശേരി

ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്