
കൊല്ലം: റോഡിന്റെ ഉപരിതലം നിരപ്പല്ലാതെ കിടക്കുന്നത് അപകടത്തിന് കാരണമാകുന്നു. കൊല്ലം ഹൈസ്‌കൂൾ ജംഗ്‌ഷൻ- അഞ്ചാലുംമൂട് റോഡിൽ ബോയ്സ് ഹൈസ്‌കൂളിന് മുന്നിലാണ് അപകടത്തിന് കാരണമാകുന്ന തരത്തിൽ റോഡ് നിരപ്പല്ലാതെ കിടക്കുന്നത്. റോഡ് നിരപ്പിന്റെ വ്യത്യാസം പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കാത്തതിനാൽ ഇരുചക്രവാഹന യാത്രികർ നിയന്ത്രണം വിട്ട് മറിയുന്നതും പരിക്കേൽക്കുന്നതും നാലുചക്ര വാഹനങ്ങൾക്ക് അപ്രതീക്ഷിതമായി നിയന്ത്രണം നഷ്ടപ്പെടുന്നതും പതിവായിരിക്കുകയാണ്.കുടിവെള്ളപൈപ്പ് ലൈനിലെ അറ്റകുറ്റപ്പണിക്കായി റോഡ് കുഴിച്ചതോടെയാണ് ഇതിനോട് ചേർന്നുള്ള ഭാഗം നിരപ്പല്ലാതായത്. ആഴത്തിൽ കുഴിച്ചതോടെ റോഡിന്റെ ഉപരിതലത്തിന് അടിഭാഗത്തുള്ള മണ്ണ് ഒലിച്ചുപോയതാകാം ടാർ ചെയ്ത ഭാഗത്തിന്റെ നിരപ്പിൽ വ്യത്യാസമുണ്ടായതെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഒരു മാസം മുമ്പാണ് ഈ ഭാഗത്ത് ജലവിഭവ വകുപ്പിന്റെ നേതൃത്വത്തിൽ ഒരു വശം കുഴിച്ചത്. എന്നാൽ മറുവശത്തെ മണ്ണും റോഡും സംരക്ഷിക്കുന്നതിനായി യാതൊരു മുൻകരുതലും സ്വീകരിച്ചിരുന്നില്ല. അറ്റകുറ്റപണികൾ നടക്കുമ്പോൾ മഴകൂടിയുണ്ടായിരുന്നതിനാൽ മണ്ണൊലിപ്പിന്റെ ശക്തി കൂടുകയും ഉപരിതലം ഇടിഞ്ഞ് കുന്നും തടവും രൂപപ്പെടുകയുമായിരുന്നു. അറ്റകുറ്റപ്പണികൾക്കായി കുഴിച്ച ഭാഗം പൂർണമായി മൂടി ഉപരിതലം കോൺക്രീറ്റ് ചെയ്‌തെങ്കിലും മറുവശത്തുണ്ടായ കേടുപാടുകൾ തീർക്കാൻ വകുപ്പ് താത്‌പര്യം കാട്ടിയില്ല. അറ്റകുറ്റപ്പണികൾക്കായി കുഴിക്കുന്ന റോഡുകൾ പണികൾക്ക് ശേഷം പൂർവസ്ഥിയിലാക്കണമെന്ന നിബന്ധനയുണ്ടെങ്കിലും പലപ്പോഴും ഇക്കാര്യത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്ന രീതിയാണ് പലയിടത്തും വകുപ്പും കരാറുകാരും സ്വീകരിക്കുന്നത്. തങ്ങൾ കുഴിക്കുന്ന ഭാഗത്തെ അറ്റകുറ്റപണികൾ മാത്രമേ തങ്ങളുടെ ചുമതലയിൽപ്പെടുകയുള്ളു എന്ന ന്യായമാണ് വകുപ്പ് അധികൃതർ പറയുന്നത്. മുൻപ് ആശ്രാമം ഭാഗത്ത് ഓടയുടെ നിർമ്മാണ പ്രവൃത്തികൾ നടത്തിയപ്പോൾ പ്രദേശത്തെ വീടുകളുടെ ചുറ്റുമതിലും പാർശ്വഭിത്തിയും തകർന്നിരുന്നു. പ്രദേശവാസികളുടെ എതിർപ്പ് ശക്തമായതോടെയാണ് അവ പുനർനിർമ്മിച്ചുനൽകാൻ അധികൃതർ തയാറായത്.