കരുനാഗപ്പള്ളി: അന്യം നിന്ന ഓണാട്ടുകര എള്ളെണ്ണയ്ക്കും ആദിനാട് വെളിച്ചെണ്ണയ്ക്കും നല്ലകാലം തെളിയുന്നു. കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ ഒക്റ്രാക് ഓയിൽ മില്ലിൽ എള്ളും തേങ്ങയും ആട്ടിയെടുത്ത എണ്ണ പൊതുവിപണിയിൽ എത്തിക്കാനുള്ള പദ്ധതി സംയുക്തമായി നടപ്പാക്കാനുള്ള പരിശ്രമത്തിലാണ് ഓണാട്ടുകര വികസന ഏജൻസിയും സംസ്ഥാന കൃഷി വകുപ്പും.
ഓണാട്ടുകര വികസന ഏജൻസിക്ക് ഭൗമസൂചിക അംഗീകാരം നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനമാണ് പുതിയ സംരംഭത്തിന് വഴി തുറന്നത്. എള്ളുവിളയ്ക്കാണ് ഇത്തവണ ഭൗമസൂചിക അംഗീകാരം ലഭിക്കുന്നത്. ഇതിന്റെ നടപടികൾ അന്തിമ ഘട്ടത്തിലാണ്. കർഷകരിൽ നിന്ന് ന്യായവിലയ്ക്ക് ഓണാട്ടുകര എള്ളും ആദിനാട് തേങ്ങയും ഓണാട്ടുകര വികസന ഏജൻസി നേരിട്ട് വാങ്ങി എണ്ണയാക്കി പൊതു വിപണിയിൽ വിറ്റഴിക്കുകയാണ് പദ്ധതി ലക്ഷ്യം.
വിളകൾക്ക് ന്യായ വില ലഭിക്കാത്തതിനാൽ പിന്മാറിയ കർഷകരെ വീണ്ടും കൃഷിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളും ഉടൻ ആരംഭിക്കും. ഇതിന്റെ ഭാഗമായി ആലപ്പുഴ പ്രിൻസിപ്പൽ കൃഷി ഓഫീസർ സിബി നീണ്ടിശ്ശേരി, കൊല്ലം ഡെപ്യൂട്ടി ഡയറക്ടർ വേണുഗോപാൽ, ഓണാട്ടുകര വികസന ഏജൻസി വൈസ് ചെയർമാൻ എൻ.രവീന്ദ്രൻ, ചീഫ് ഡെവലപ്പ്മെന്റ് ഓഫീസർ ബി.ആർ.ബിനേഷ്, കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാം, വൈസ് പ്രസിഡന്റ് എ.നാസ്സർ, ആലപ്പുഴ ഡെപ്യൂട്ടി ഡയറക്ടർ അജിത്കുമാർ, ഓച്ചിറ അസിസ്റ്റന്റ് ഡയറക്ടർ ഷബീന, കുലശേഖരപുരം കൃഷി ഓഫീസർ മീരാ രാധാകൃഷ്ണൻ എന്നിവർ ഒക് റ്റാക് സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി. പുതിയ പദ്ധതിയുടെ പ്രോജക്ട് റിപ്പോർട്ട് താമസിയാതെ ഓണാട്ടുകര വികസന ഏജൻസി കൃഷി വകുപ്പ് വഴി സർക്കാരിന് സമർപ്പിക്കും.
ഒക്‌റ്റാക് ഇനി ഒറ്റയ്ക്കല്ല !
2018 ലാണ് കുലശേഖരപുരം ഗ്രാമപഞ്ചായത്തിൽ ഒക് റ്റാക് ഓയിൽ മില്ല് പ്രവർത്തനം ആരംഭിച്ചത്. കൃഷി വകുപ്പിൽ നിന്ന് 25 ലക്ഷത്തിന്റെ യന്ത്ര സാമഗ്രികളും ഗ്രാമപഞ്ചായത്ത് സ്വന്തം സ്ഥലത്ത് 18 ലക്ഷം ചെലവഴിച്ച് കെട്ടിടവും നിർമ്മിച്ച് നൽകി. ഒരു വർഷം വരെ മില്ല് ലാഭത്തിൽ പ്രവർത്തിച്ചു. എന്നാൽ, കൊവിഡും സർക്കാർ സാമ്പത്തിക സഹായത്തിന്റെ ലഭ്യത ക്കുറവും കാരണം മില്ലിന്റെ പ്രവർത്തനം താളംതെറ്റി. എന്നാൽ, കഴിഞ്ഞ ഒരു വർഷമായി ജില്ല പഞ്ചായത്തിന്റെ തേങ്ങകൾ ഇവിടെയാണ് ആട്ടുന്നത്. ഒരു ലിറ്റർ വെള്ളിച്ചെണ്ണക്ക് 12 രൂപ നിരക്കിൽ മില്ല് അധികൃതർക്ക് കൂലിയായും നൽകിവരുന്നു.