കൊല്ലം: ലഹരിക്കെതിരെ ഇമ ചിമ്മാത്ത ജാഗ്രത വേണമെന്ന് ഓച്ചിറ പൊലീസ് എസ്.എച്ച്.ഒ എ.നിസാമുദ്ദീൻ പറഞ്ഞു. കേരളകൗമുദിയുടെയും എക്സൈസിന്റെയും സംയുക്താഭിമുഖ്യത്തിൽ തഴവ വടക്ക് ബി.ജെ.എസ്.എം മഠത്തിൽ സ്കൂളിൽ നടന്ന ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ ലഹരിപദാർത്ഥങ്ങൾ വിപണിയിലേക്ക് എത്തുകയാണ്. ഇപ്പോൾ പിടിയിലാകുന്ന പല ലഹരിപദാർത്ഥങ്ങളും പൊലീസിനും എക്സൈസിനും അപരിചിതമാണ്. രാസപരിശോധന നടത്തിയാണ് ഇവ എന്താണെന്ന് സ്ഥിരീകരിക്കുന്നത്. ലഭിക്കുന്ന ഫലങ്ങൾ ഞെട്ടിക്കുന്നതാണ്. നിലവിലുള്ളതിനേക്കാൾ കൂടുതൽ തീവ്രമായ ലഹരിപദാർത്ഥങ്ങളാണ് പുതുതായി എത്തുന്നത്. വിദ്യാർത്ഥികൾ അപരിചിതരോട് അകലം പാലിക്കണം. നിർവ്യാജം വിശ്വസിക്കാവുന്നവരുടെ എണ്ണം കുറയുകയാണ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഒഴികെയുള്ളവരുമായി ഇടപെടുമ്പോൾ പ്രത്യേക ജാഗ്രത പാലിക്കണമെന്നും എ.നിസാമുദ്ദീൻ പറഞ്ഞു.
സ്കൂൾ പി.ടി.എ പ്രസിഡന്റ് ബിജു പാഞ്ചജന്യം അദ്ധ്യക്ഷനായി. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഷീജ.പി.ജോർജ്, വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഒ.ഗിരിജ, പി.ടി.എ വൈസ് പ്രസിഡന്റ് അനിൽ പുലിത്തിട്ട, പി.ടി.എ എക്സി. അംഗം ബാവീസ് വിജയൻ, മുൻ ഗ്രാമപഞ്ചായത്ത് അംഗം സലിം അമ്പീത്തറ, പൊതുപ്രവർത്തകനായ എൻ.രാമകൃഷ്ണപിള്ള എന്നിവർ ആശംസ നേർന്നു.
കരുനാഗപ്പള്ളി റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടറും വിമുക്തി കോ- ഓർഡിനേറ്ററുമായ പി.എൽ.വിജിലാൽ ലഹരിവിരുദ്ധ ക്ലാസ് നയിച്ചു. കേരളകൗമുദി കൊല്ലം ബ്യൂറോ ചീഫ് ബി.ഉണ്ണിക്കണ്ണൻ സ്വാഗതവും തഴവ ലേഖകൻ ദിലീപ് കുറുങ്ങപ്പള്ളി നന്ദിയും പറഞ്ഞു.
ജില്ലയിൽ ലഹരിക്കേസുകളുടെ എണ്ണം പെരുകുകയാണ്. വിദ്യാർത്ഥികൾ ലഹരിക്ക് അടിമപ്പെടുമ്പോൾ തകരുന്നത് രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്. ലഹരി വില്പനക്കാരെക്കുറിച്ച് വിവരം ലഭിച്ചാലുടൻ എക്സൈസിനെയോ പൊലീസിനെയോ അറിയിക്കണം.
ബിജു പാഞ്ചജന്യം
പി.ടി.എ പ്രസിഡന്റ്
അപരിചിതർ നൽകുന്നതൊന്നും വാങ്ങി കഴിക്കാതിരിക്കാൻ വിദ്യാർത്ഥികൾ ശ്രദ്ധിക്കണം. സ്കൂളിലേക്ക് വരുമ്പോഴും മടങ്ങുമ്പോഴും അപരിചിതരുമായുള്ള ഇടപെടൽ കുറയ്ക്കണം. വിദ്യാർത്ഥിനികളും പ്രത്യേക ജാഗ്രത പുലർത്തണം.
ഷീജ.പി.ജോർജ്
(പ്രിൻസിപ്പൽ
പ്രളയങ്ങളെയും കൊവിഡ് അടക്കമുള്ള മഹാമാരികളെയും അതിജീവിച്ച നാടാണ് കേരളം. കൂട്ടായ യത്നത്തിലൂടെയായിരുന്നു അതിജീവനം. സമാനമായ കൂട്ടായ്മയും ജാഗ്രതയും ലഹരിപദാർത്ഥങ്ങളുടെ വ്യാപനം തടയുന്നതിലും ഉണ്ടാകണം.
സലീം അമ്പീത്തറ
മുൻ ഗ്രാമപഞ്ചായത്ത് അംഗം
ജീവിത വിജയമാകണം ലഹരി: പി.എൽ.വിജിലാൽ
വിദ്യാർത്ഥികൾ ലഹരി പദാർത്ഥങ്ങൾക്ക് അടിമപ്പെടാതെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള കഠിനമായ അദ്ധ്വാനം ലഹരിയായി കാണണമെന്ന് ബോധവത്കരണ ക്ലാസ് നയിച്ചുകൊണ്ട് കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് അസി. ഇൻസ്പെക്ടറും വിമുക്തി കോ ഓർഡിനേറ്ററുമായ പി.എൽ.വിജിലാൽ പറഞ്ഞു. ലഹരി എല്ലാവരുടെയും ജീവിതം തകർത്തിട്ടേയുള്ളു. പ്രമുഖരായ എഴുത്തുകാരുടെയും ചലച്ചിത്രകാരന്മാരുടെയും ജീവിതം ഇതിന് ഉദാഹരണമാണ്. പല തരത്തിലുള്ള പ്രലോഭനങ്ങൾ നമുക്ക് നേരെയുണ്ടാകും. അവയെ അതിജീവിക്കണം. പുതുതലമുറ വഴിതെറ്റാതിരിക്കാൻ രക്ഷിതാക്കൾ പ്രത്യേക ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.