jilla-

കൊല്ലം: ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയേൽ പറഞ്ഞു. ജില്ലാ തല ബഡ്‌സ് കലോത്സവം കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി നിരവധി പദ്ധതികളാണ് ഏറ്റെടുത്ത് നടപ്പാക്കി വരുന്നത്. ഈ സാമ്പത്തിക വർഷം 3 കോടി 20 ലക്ഷം രൂപ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കുള്ള പദ്ധതികൾക്കായി വകയിരുത്തിയിട്ടുണ്ട്. സ്‌കോളർഷിപ്പ്, ബഡ്‌സ് സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ജില്ലാ പഞ്ചായത്ത് വിഹിതം, സൗജന്യ കമ്പ്യൂട്ടർ, കരകൗശല ഉത്പ്പന്ന നിർമ്മാണ പരിശീലനം എന്നീ പദ്ധതികൾക്ക് പുറമേ ഭിന്നശേഷിക്കാരായ കുട്ടികളുള്ള കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റ് നൽകുന്നതിനായി നിറവ് എന്ന പദ്ധതിയും ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കൊല്ലം കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ജയൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.എസ്.അനിൽ കല്ലേലിഭാഗം, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പ്രശാന്ത് ബാബു, കൗൺസിലർ എ.കെ.സവാദ്, അസിസ്റ്രന്റ് കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ ശ്യാം ജി.നായർ, ജില്ലാ പ്രോഗ്രാം മാനേജർ സ്വാതി എസ്.കൃഷ്ണ തുടങ്ങിയവർ പങ്കെടു​ത്തു.