
അഞ്ചൽ: സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റത്തിൽ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ക്യു.ആർ കോഡ് സംവിധാനത്തിൽ അപ്ഗ്രേഡ് ചെയ്ത ജില്ലയിലെ ആദ്യ പഞ്ചായത്തായി ഏരൂർ. ഇനിമുതൽ ഓരോ വീട്ടിൽ നിന്നും സ്ഥാപനത്തിൽ നിന്നും ശേഖരിക്കുന്ന ഖരമാലിന്യത്തിന്റെ അളവ്, തുക, തരംതിരിച്ചുള്ള കണക്ക് എന്നിവ തത്സമയം ക്യു.ആർ കോഡ് വഴി പഞ്ചായത്ത് അംഗം മുതൽ മുഖ്യമന്ത്രിയുടെ പക്കൽ വരെ എത്തും. ഇത്അവർക്ക് എപ്പോൾ വേണമെങ്കിലും പരിശോധിക്കുകയും ചെയ്യാം.
മാലിന്യസംസ്ക്കരണം ഓരേസമയം ജനകീയവും ഡിജിറ്റലുമായി മാറ്റുന്ന ഈ സവിശേഷ പ്രക്രിയ നവകേരള കർമ്മ പദ്ധതിയുടെയും ഹരിതകേരള മിഷന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തിലാണ് നടപ്പാക്കുന്നത്.പദ്ധതി പ്രഖ്യാപനവും ഓയിൽപാം ഫാക്ടറിയിൽ 70 ലക്ഷം രൂപ മുടക്കി സ്ഥാപിക്കുന്ന ബയോഗ്യാസ് പ്ലാന്റിന്റെ ഡി.പി.ആർ പ്രകാശനവും തദ്ദേശ സ്വയംഭരണവകുപ്പ് പ്രിൻപ്പൽ സെക്രട്ടറി ശാരദാ മുരളീധരൻ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.അജയൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ചിന്നുവിനോദ്, നവകേരളം കർമ്മ പദ്ധതി ജില്ലാ കോ- ഓർഡിനേറ്റർ ഐസക്, ശുചിത്വമിഷൻ ജില്ലാ കോ- ഓർഡിനേറ്റർ സൗമ്യാ ഗോപാലകൃഷ്ണൻ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ജി. അജിത്ത്, ഷൈൻ ബാബു, വി.രാജി, ജനപ്രതിനിധികളായ ഡോൺ വി.രാജ്, പ്രസന്നാ ഗണേഷ്, സുചിതാ അജി, പി.എസ്. സുമൻ, എ.അനുരാജ്, മഞ്ജുലേഖ, അജിമോൻ, ഫൗസിയ ഷംനാദ്, എ.എം. അഞ്ജു, ദിവ്യാ ജയചന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി ജ്യോതികുമാർ തുടങ്ങിയവർ സംസാരിച്ചു.