can-

കൊല്ലം: 'ലഹരി മുക്ത കേരളം' എന്ന ലക്ഷ്യവുമായി കേരളകൗമുദിയും എക്സൈസ് വകുപ്പും ചേർന്ന് പുത്തൂർ സിദ്ധാർത്ഥ സെൻട്രൽ സ്കൂളിൽ സംഘടിപ്പിച്ച സെമിനാർ ഹൃദ്യാനുഭവമായി. പതിവ് ശൈലികളിൽ നിന്ന് മാറി കുട്ടികളുടെ മനസ് കീഴടക്കിയായിരുന്നു വിഷയാവതരണം.

ലഡുവും ചായയും കഴിക്കാൻ വച്ചാൽ ആദ്യം ഏതെടുക്കുമെന്ന് ചോദിച്ചപ്പോൾ കുട്ടികളിൽ ഭിന്നാഭിപ്രായം. ബുദ്ധിമാന്മാർ ആദ്യം ചായ കുടിക്കുമെന്നും പിന്നെ ലഡു കഴിക്കുമെന്നും വിഷയാവതാരകനായ കൊട്ടാരക്കര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എ.സഹദുള്ള പറഞ്ഞപ്പോൾ കുട്ടിക്കൂട്ടം അതിന്റെ കാരണം തേടി.

ചായയുടെ രുചിയും ലഡുവിന്റെ രുചിയും അറിയാൻ ആ രീതി ഉപകരിക്കുമെന്ന് പറഞ്ഞാണ് ലഹരിയുടെ ദോഷവശങ്ങളിലേക്ക് കുട്ടിമനസുകളെ അദ്ദേഹം കൂട്ടിക്കൊണ്ടുപോയത്. പുകവലിയും മദ്യപാനവും മയക്കുമരുന്നും ശരീരത്തിലും മനസിലും ഉണ്ടാക്കുന്ന വ്യത്യാസങ്ങളെ കഥകളിലൂടെയും അനുഭവങ്ങളിലൂടെയും വിവരിച്ചു. പുതിയ അറിവുകൾ പരിമിതികൾക്കപ്പുറമായതിൽ കുട്ടികൾ കണ്ണും കാതും കൂർപ്പിച്ചിരുന്നു. ഇടയ്ക്ക് അവരുടെ ചോദ്യങ്ങളുമുയർന്നു. തൃപ്തികരമായ ഉത്തരം നൽകിയാണ് ബോധവത്കരണ ക്ളാസ് അവസാനിപ്പിച്ചത്.

കൊട്ടാരക്കര നഗരസഭ ചെയർമാൻ എ.ഷാജു സെമിനാർ ഉദ്ഘാടനം ചെയ്തു. കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫും റെസിഡന്റ് എഡിറ്ററുമായ എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. സിദ്ധാർത്ഥ സെൻട്രൽ സ്കൂൾ ചെയർപേഴ്സൺ ഗോപിക ഗോപൻ,​ പാങ്ങോട് എസ്.എൻ ആയുർവേദ മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. കെ.വി.പ്രദീപ്,​ സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്.സുരേഷ് കുമാർ,​ പ്രിൻസിപ്പൽ ടി.ടി.കവിത,​ കേരളകൗമുദി റിപ്പോർട്ടർ കോട്ടാത്തല ശ്രീകുമാർ,​ സ്കൂൾ ഹെഡ് ബോയ് പി.എസ്.നിരഞ്ജൻ,​ ഹെഡ് ഗേൾ ഡി.ദേവനന്ദ എന്നിവർ സംസാരിച്ചു.

ഓപ്പൺ കാൻവാസ് ഹിറ്റ്!

ലഹരിക്കെതിരെയുള്ള സന്ദേശങ്ങൾ നിറഞ്ഞ ഓപ്പൺ കാൻവാസ് ഹിറ്റായി!. സ്കൂൾ വളപ്പിലൊരുക്കിയ കാൻവാസിൽ ചെയർപേഴ്സൺ ഗോപിക അദ്വൈത് ആദ്യ സന്ദേശമെഴുതി ഉദ്ഘാടനം നിർവഹിച്ചു. പിന്നീട് സെമിനാറിനെത്തിയ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മാദ്ധ്യമ പ്രവർത്തകരും അദ്ധ്യാപകരും കുട്ടികളും സന്ദേശങ്ങളെഴുതി. ഇംഗ്ളീഷിലും മലയാളത്തിലുമായി അവരെഴുതിയതൊക്കെയും ചിന്തയുണർത്തുന്നതും ലഹരിയെ അകറ്റുന്നതുമായ വാചകങ്ങളായിരുന്നു.

കർത്തവ്യബോധം ഉൾക്കൊണ്ട് ലഹരിയെന്ന മാരക വിപത്തിനെതിരെ പോരാട്ടം തുടങ്ങിയ ദിനപ്പത്രമാണ് കേരളകൗമുദി. കാലഘട്ടത്തിന്റെ മാറ്റം ഉൾക്കൊണ്ടാണ് കേരളകൗമുദിയുടെ പ്രവർത്തനം. നാളെയുടെ പ്രതീക്ഷയാണ് വിദ്യാർത്ഥികൾ. അവരിലേക്കാണ് ലഹരിമാഫിയ കണ്ണുവയ്ക്കുന്നത്. രക്ഷിതാക്കൾ ഇക്കാര്യത്തിൽ ജാഗ്രത കാട്ടണം.

എ.ഷാജു,​ ചെയർമാൻ

കൊട്ടാരക്കര നഗരസഭ

മാെബൈൽ ഫോൺ, ഇന്റർ നെറ്റ് അഡിക്ഷൻ തുടങ്ങുന്നവരാണ് പതിയെ ലഹരി ഉപയോഗത്തിലേക്ക് കടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. കൗമാരക്കാരെയാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. ലഹരി ഉപയോഗം മനസിനെ മാത്രമല്ല, നാഡീവ്യൂഹത്തെയും നശിപ്പിക്കും. അദ്ധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണം.

ഡോ.കെ.വി. പ്രദീപ്, വൈസ് പ്രിൻസിപ്പൽ

എസ്.എൻ ആയുർവേദ മെഡിക്കൽ കോളേജ്

താത്കാലിക സന്തോഷങ്ങൾക്കായി ലഹരി ഉപയോഗിക്കുന്നവർ ജീവിതത്തിലെ സന്തോഷം തച്ചുടയ്ക്കുകയാണ്. ലഹരി തലച്ചോറിനെ ദോഷകരമായി ബാധിക്കും. ചിലർ ഭ്രാന്തുള്ളവരാകും, മറ്റ് ചിലർ അക്രമകാരികളും. ഇരുപത്തഞ്ച് വയസുവരെ ലഹരി ഉപയോഗിക്കില്ലെന്ന് ഒരു വിദ്യാർത്ഥി തീരുമാനമെടുത്താൽ ജീവിതാവസാനംവരെയും ലഹരിയെ അകറ്റാനാകും. പോരാട്ടത്തിൽ എല്ലാവരും ഒന്നിച്ച് നിൽക്കണം.

പി.എ.സഹദുള്ള, സി.ഐ,

എക്സൈസ്, കൊട്ടാരക്കര