
കൊല്ലം: ജില്ലയുടെ ജൈവ വൈവിദ്ധ്യ ടൂറിസം സാദ്ധ്യത പ്രയോജനപ്പെടുത്താനുള്ള ജൈവ വൈവിദ്ധ്യ ടൂറിസം സർക്യൂട്ട് പദ്ധതിയുടെ പ്രാഥമിക രൂപരേഖയായി.
ജില്ലയിലെത്തുന്ന സഞ്ചാരികളെ പുതിയ സർക്യൂട്ടിലൂടെ നയിച്ച് പരമാവധി ദിവസം ഇവിടെ തങ്ങുന്ന സാഹചര്യം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇതിന് പുറമേ ആഗോളതലത്തിൽ മാർക്കറ്റ് ചെയ്ത് സഞ്ചാരികളെ ആകർഷിക്കുകയും ലക്ഷ്യമിടുന്നുണ്ട്.
അഷ്ടമുടി കായൽ, മൺറോത്തുരുത്ത്, കൊട്ടാരക്കര മീമ്പിടിപ്പാറ, മുട്ടറ മരുതിമല, ജടായുപ്പാറ, തെന്മല, അച്ചൻകോവിൽ എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാകും പദ്ധതി. പ്രദേശങ്ങൾക്കിടയിൽ നിലവിലുള്ള ടൂറിസം കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തും.
ഇതിന് പുറമേ പുതിയ കേന്ദ്രങ്ങൾ വികസിപ്പിക്കും. ഏതാനും ആഴ്ചകൾക്കുള്ള പദ്ധതിക്ക് ഭരണാനുമതി ലഭിക്കും. തൊട്ടുപിന്നാലെ തന്നെ വിശദരൂപരേഖ തയ്യാറാക്കി സാങ്കേതിക അനുമതിയും വാങ്ങും.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഏതാനും മാസങ്ങൾക്കുള്ളിൽ പദ്ധതി ആരംഭിക്കാൻ മന്ത്രിമാരായ കെ.എൻ. ബാലഗോപാലും മുഹമ്മദ് റിയാസും നിർദേശിച്ചിട്ടുണ്ട്.
പുതുതായി വരുന്നവ
 അഷ്ടമുടി കായൽ തീരത്ത് കായലിന്റെ ജൈവഘടന, ചരിത്രം, നഗരചരിത്രം എന്നിവയുടെ മ്യൂസിയം
 അപൂർവ മത്സ്യയിനങ്ങൾ, ജലസസ്യങ്ങൾ, വൃക്ഷങ്ങൾ എന്നിവയെക്കുറിച്ച് വിശദീകരിക്കാൻ പ്രത്യേക സംഘം
 ഘട്ടംഘട്ടമായി മൺറോത്തുരുത്ത് അടക്കമുള്ള സ്ഥലങ്ങളിൽ മ്യൂസിയം
 കൊട്ടാരക്കര പുലമൺ തോട് പുനരുദ്ധരിക്കും, മീമ്പിടിപ്പാറയിൽ ചൂണ്ടയിടലിന് കൂടുതൽ സൗകര്യം
 മരുതിമലയിൽ അഡ്വഞ്ചർ ടൂറിസം, ജടായുപ്പാറയിൽ ഇടനാടിന്റെ കാർഷിക സംസ്കൃതി വ്യക്തമാക്കുന്ന ഗ്രാമീണ മ്യൂസിയം
 തെന്മലയിലെ ക്വാട്ടേഴ്സുകളിൽ സഞ്ചാരികൾക്ക് താമസസൗകര്യം
 വഴിയോരങ്ങളിൽ നാടൻ വിഭവങ്ങൾ ലഭിക്കുന്ന ഭക്ഷണശാലകൾ
 ഉത്തരവാദിത്യ ടൂറിസവുമായി ബന്ധപ്പെടുത്തി പ്രദേശവാസികളുടെ ഹോം സ്റ്റേകൾ
 ബോട്ടിംഗ്, ട്രക്കിംഗ്, വനയാത്രാ സൗകര്യം
അനുഭവവേദ്യ ടൂറിസത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി ബയോഡൈവേഴ്സിറ്റി ടൂറിസം സർക്യൂട്ട് കൂടുതൽ ആകർഷകമാക്കും. വിശദരൂപരേഖ തയ്യാറായാലെ പദ്ധതി തുക വ്യക്തമാകൂ.
ടൂറിസം വകുപ്പ് അധികൃതർ