
കൊല്ലം: റെയിൽ പാത ഇരട്ടിപ്പിക്കലും സമയമാറ്റവും കൊണ്ട് യാത്രക്കാരുടെ സമയദോഷം മാറുന്നില്ല. കോട്ടയം പാത ഇരട്ടിപ്പിച്ച ശേഷം ട്രെയിനുകൾക്ക് വേഗത കൂടുകയും സമയം പാലിക്കുമെന്നും പ്രതീക്ഷിച്ചെങ്കിലും യാത്രക്കാരുടെ ദുരിതം ഇരട്ടിച്ചിരിക്കുകയാണ്.
രാവിലെ എറണാകുളത്ത് നിന്ന് പുറപ്പെടുന്ന വഞ്ചിനാടാണ് യാത്രക്കാരെ കൂടുതൽ വലയ്ക്കുന്നത്. കൃത്യസമയം പാലിച്ചാണ് കായംകുളം വരെ ഓടിയെത്തുന്നത്. പലപ്പോഴും വൈകിവരുന്ന ഇന്റർസിറ്റി കയറ്റിവിടാനായി വഞ്ചിനാട് പല സ്റ്റേഷനുകളിലും പിടിച്ചിടുന്നതിനാൽ കൃത്യസമയത്ത് തിരുവനന്തപുരത്ത് എത്താറില്ലെന്ന് യാത്രക്കാർ പറയുന്നു.
കഴിഞ്ഞ ദിവസം രാവിലെ 7.32ന് കായംകുളത്ത് എത്തിയ വഞ്ചിനാട് 8.02 വരെ ഇന്റർസിറ്റിക്കായി പിടിച്ചിട്ടു. 7.52ന് ഇന്റർസിറ്റി കടന്നുപോയ ശേഷമാണ് വഞ്ചിനാട് യാത്ര തുടർന്നത്.
തിരുവനന്തപുരത്തെ ഗതാഗതക്കുരുക്കിൽ സമയത്ത് ഓഫീസിലെത്താൻ ബുദ്ധിമുട്ടുമ്പോഴാണ് റെയിൽവേയുടെ ഇരട്ടക്കുരുക്ക്. വഞ്ചിനാടിന് പേട്ടയിൽ സ്റ്റോപ്പ് അനുവദിച്ചാൽ തിരക്കിൽപ്പെടാതെ യാത്രക്കാർക്ക് ഓഫീസിലെത്താൻ കഴിയുമെങ്കിലും ഇത് കേൾക്കാൻ റെയിൽവേ തയ്യാറായിട്ടില്ല.
ഇഴഞ്ഞിഴഞ്ഞ് ട്രെയിൻ യാത്ര
വേണാട് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന സമയമാറ്റം യാത്രക്കാർക്ക് ദോഷകരമായി
ട്രെയിൻ എറണാകുളത്ത് വൈകിയെത്തുന്നു
കൊല്ലം- ചെന്നൈ എഗ്മോർ സമയമാറ്റവും ഗുണകരമല്ല
ഉച്ചയ്ക്ക് പുറപ്പെടുന്ന എറണാകുളം - കൊല്ലം മെമു സമയമാറ്റം പരഗണിച്ചില്ല
പാത ഇരട്ടിപ്പിക്കൽ യാഥാർത്ഥ്യമാകുമ്പോൾ ട്രെയിൻ വേഗത കൂടുമെന്നും കൃത്യസമയം പാലിക്കുമെന്നും പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. വഞ്ചിനാടാണ് യാത്രക്കാരെ കൂടുതൽ ചുറ്റിക്കുന്നത്.
ലിയോൺസ്, ഫ്രണ്ട്സ് ഓൺ റെയിൽസ്