
കൊല്ലം: കൊലക്കേസ് ഉൾപ്പെടെ വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയും കുപ്രസിദ്ധ കഞ്ചാവ് കടത്തുകാരനുമായ യുവാവ് എക്സൈസ് പിടിയിൽ. കരുനാഗപ്പള്ളി തഴവ കടത്തൂർ എൻ.എൻ കോട്ടേജിൽ നിയാസാണ് (36, കൊലപ്പുള്ളി) പിടിയിലായത്.
കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി വവ്വാക്കാവ് എസ്.ബി.ഐ ജംഗ്‌ഷനിൽ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്ക്വാഡ് നടത്തിയ പരിശോധനയിൽ 14കിലോ കഞ്ചാവുമായി ഷംനാദ് എന്നയാൾ പിടിയിലായിരുന്നു.
ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് നിയാസിലേക്കുള്ള സൂചന ലഭിച്ചത്. എക്സൈസ് ഷാഡോ വിഭാഗത്തിന്റെ പിടിയിലാകുമെന്ന ഘട്ടത്തിൽ കാസർകോടുള്ള ഭാര്യവീട്ടിലേക്ക് കടക്കാനായി കായംകുളത്തെ ലോഡ്ജിൽ കഴിയുന്നതിനിടെയാണ് പിടിയിലായത്.
ജില്ലയിൽ പരിശോധന ശക്തമാക്കിയതായി എക്‌സൈസ് അസി. കമ്മിഷണർ വി.റോബോട്ട് അറിയിച്ചു. എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടർ ബി.വിഷ്ണു, പ്രിവന്റീവ് ഓഫീസർ ആർ.മനു, സിവിൽ എക്‌സൈസ് ഓഫീസർമാരായ നിതിൻ, അജീഷ് ബാബു, ഗോപകുമാർ, ജൂലിയൻ ക്രൂസ്, ശ്രീനാഥ്, ഗംഗ, ഡ്രൈവർ സുബാഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.