photo
വർഷങ്ങളായി തകർന്നുകിടക്കുന്ന മാലുമേൽ ക്ഷേത്രം - ചെലക്കോട്ട്കുളങ്ങര റോഡ്

കരുനാഗപ്പള്ളി : കുണ്ടും കുഴിയും നിറഞ്ഞ മാലുമേൽ ക്ഷേത്രം - ചേലക്കോട്ട്കുളങ്ങര റോഡ് അപകടക്കെണിയായിട്ട് വ‌ർഷങ്ങളായി.

റോഡിന്റെ മിക്ക ഭാഗങ്ങളും തകർന്നു, ടാറിംഗ് പാളികളായി ഇളകി വൻ കുഴികൾ രൂപപ്പെട്ടു. മഴക്കാലത്ത് ഈ കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നത് അപകട സാദ്ധ്യത വർദ്ധിപ്പിച്ചു. ഇരുചക്ര വാഹന യാത്രക്കാരാണ് ഇത്തരത്തിൽ അപകടത്തിപ്പെടുന്നതിൽ അധികവും. എന്നാൽ, റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണണമെന്ന നാട്ടുകാരുടെ ആവശ്യത്തോട് മുഖംതിരിഞ്ഞുനിൽക്കുകയാണ് അധികൃതർ.

താലൂക്കിലെ പ്രധാന റോഡുകളിലൊന്നാണ് മാലുമേൽ ക്ഷേത്രം - ചേലക്കോട്ട്കുളങ്ങര. ഇരുന്നൂറോളം കുടുംബങ്ങളുടെ ആശ്രയമാണ് ഈ റോഡ്. ചെറുതും വലുതുമായി നിരവധി വാഹനങ്ങളാണ് ദിവസവും ഇതു വഴി കടന്നുപോകുന്നത്. ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള ഈ റോഡ് അവസാനമായി ടാർ ചെയ്തത് ഏഴ് വർഷം മുമ്പാണെന്ന് നാട്ടുകാർ പറയുന്നു.
കുന്നത്തൂർ താലൂക്കിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് പോകുന്നതിനും മാലുമേൽ ക്ഷേത്രത്തിൽ എത്തിച്ചേരാനുമുള്ള എളുപ്പ മാർഗ്ഗമാണ് രണ്ട് കിലോമീറ്റർ ദൈർഘ്യമുള്ള ഈ റോഡ്. അതുകൊണ്ടുതന്നെ ഇവിടം സഞ്ചാരയോഗ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യവും ശക്തമാണ്.

.............................................................................................................................

റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കി എ.എം.ആരിഫ് എം.പി, സി.ആർ.മഹേഷ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.അനിൽ എസ്.കല്ലേലിഭാഗം എന്നിവർക്ക് നൽകി നടപടിക്കായി കാത്തിരിക്കുകയാണ്

വി.വിശ്വംഭരൻ, സെക്രട്ടറി, മാലുമേൽ ക്ഷേത്ര ഭരണ സമിതി