 
ചവറ: മലയാളത്തിന്റെ പ്രിയ കവി ഒ.എൻ.വി കുറുപ്പ് തന്റെ വിദ്യാലയത്തെക്കുറിച്ച് "ഒരു വട്ടം കൂടിയെന്നോർമകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം... തിരുമുറ്റത്തൊരു കോണിൽ നിൽക്കുന്നൊരാനെല്ലി മരമൊന്നുലുത്തുവാൻ മോഹം... എന്നുപാടിയത് അനുവാചരുടെ മനസിൽ ഇന്നും മായാതെ കിടപ്പുണ്ട്. എന്നാൽ അദ്ദേഹം അക്ഷരം പഠിച്ച ചവറ ഗവൺമെന്റ് ഹയർസെക്കൻഡറി (ശങ്കരമംഗലം) സ്കൂളിന്റെ പ്രധാന കവാടവും ചില ക്ളാസ് മുറികളും പൊളിച്ചുമാറ്റുന്ന തിരക്കിലാണ് അധികൃതർ. ഇതോടെ വിദ്യാലയത്തിന്റെ തലയെടുപ്പും പ്രൗഢിയും ഓർമ്മയാകും.
ഒന്നര നൂറ്റാണ്ടോളം അക്ഷരശോഭ പരത്തിയ നിലകൊണ്ട ചവറയിലെ ഈ വിദ്യാലയ മുത്തശ്ശിയുടെ പ്രധാന ഭാഗങ്ങളെല്ലാം ദേശീയപാത വികസനത്തോടനുബന്ധിച്ച് പൊളിച്ചുമാറ്റപ്പെടുന്നത്. അഞ്ചാം ക്ളാസുമുതൽ പ്ളസ്ടുവരെയുള്ള ക്ളാസുകളിലായി മൂവായിരത്തോളം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.
ഇതിനുമുമ്പ് പലതരം വികസന പ്രവർത്തനങ്ങൾ നടന്നിട്ടും സ്കൂളിന്റെ സാംസ്കാരിക തനിമയും ക്ലാസ് മുറികളുടെ പഴമ നിലനിർത്തി സംരക്ഷിച്ചിരുന്നു. എന്നാൽ, അനിവാര്യമായ ദേശീയപാത വികസനം ഇതെല്ലാം അസാദ്ധ്യമാക്കി. ഇനി ഇതുവഴി കടന്നുപോകുന്നവരുടെ കണ്ണിൽ തലയെടുപ്പോടെയുള്ള ആ സ്കൂൾ സമുച്ചയം നിറയുകയില്ല.
പത്മനാഭക്കുറുപ്പ് മുതൽ
രവിപിള്ളവരെ
നൂറ്റാണ്ട് പഴക്കമുള്ള ശങ്കരമംഗലം സ്കൂളിലെ ക്ളാസ്‌മുറിയിലിരുന്ന് അക്ഷരമധുരം നുകർന്നവരുടെ നിരവളരെ വലുതാണ്. അതിൽ പ്രശസ്തരും അപ്രശസ്തരുമെല്ലാം ഉൾപ്പെടും. രചനാപണ്ഡിതരായ അഴകത്ത് പത്മനാഭക്കുറുപ്പ്, ശൂരനാട് കുഞ്ഞൻപിള്ള, കാഥികൻ പ്രെഫ.വി.സാംബശിവൻ, നാടകകൃത്ത് സി.എൻ.ശ്രീകണ്ഠൻ നായർ, പുളിമാന പരമേശ്വരൻപിള്ള, ബേബി ജോൺ, കെ.പി.എ.സി സണ്ണി, ചവറ പാറുക്കുട്ടി, പ്രമുഖ വ്യാവസായി ഡോ.ബി.രവിപിള്ള തുടങ്ങി പതിനായിരങ്ങളെയാണ് ഈ വിദ്യാലയമുത്തശ്ശി ചേർത്തുപിടിച്ചത്.