കൊല്ലം: രാജ്യത്തെ ഫെഡറൽ ഘടനക്ക് നിരക്കാത്ത പ്രവർത്തനങ്ങളാണ് ഗവർണറിൽ നിന്നുമുണ്ടാകുന്നതെന്ന് പ്രമുഖ പത്രപ്രവർത്തകനും മാഗ്സസെ അവാർഡ് ജേതാവുമായ പി.സായ്‌നാഥ് പറഞ്ഞു. കൊല്ലം പ്രസ് ക്ലബും കേരള മീഡിയ അക്കാഡമിയും സംയുക്തമായി സംഘടിപ്പിച്ച സംവാദത്തിൽ മാദ്ധ്യമ വിദ്യാർത്ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതാനും വർഷങ്ങളായി രാജ്യത്തെ ഫെഡറലിസം ഭീഷണി നേരിടുകയാണ്. വർഷങ്ങൾക്കു മുൻപേ താൻ പരിചയപ്പെട്ട ആദർശശാലിയും മൗലിക വാദത്തിനെതിരെ സംസാരിച്ചിരുന്ന വിപ്ലവകാരിയുമായ ആരിഫ് മുഹമ്മദ് ഖാനിൽ നിന്ന് ഇന്നത്തെ ഗവർണറിലേക്കുണ്ടായ മാറ്റം അത്ഭുതപ്പെടുത്തുന്നു. ഫെഡറലിസം നേരിടുന്ന ഭീഷണികൾ തടുക്കാൻ മാദ്ധ്യമങ്ങൾക്കാവും, എന്നാൽ കോർപ്പറേറ്റ് സ്വാധീനങ്ങൾ കാരണം അത് സാധിക്കാതെ പോകുന്നു. ഇത് അദൃശ്യമാകുന്ന ഇന്ത്യയല്ല, മറിച്ച് അന്ധമാകുന്ന ഇന്ത്യയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു അദ്ധ്യക്ഷനായി. ഏഷ്യാനെറ്റ് എകസിക്യൂട്ടീവ് എഡിറ്റർ എസ്.ബിജു മോഡറേറ്ററായി.