കൊട്ടാരക്കര: കലയിലൂടെയാണ് നാടിന്റെ സാംസ്കാരിക മുന്നേറ്റമുണ്ടായത്, സ്കൂൾ കലോത്സവങ്ങൾ കുട്ടികളിലെ സർഗവാസന വളർത്തുന്നതിനൊപ്പം നേർവഴിയിലേക്ക് നയിക്കാനും ഉപകരിക്കുമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു. എഴുകോൺ ശ്രീനാരായണ ഗുരു സീനിയർ സെക്കൻഡറി സ്കൂളിലെ യുവജനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരി മാഫിയകൾ വിദ്യാലയങ്ങളിൽ കണ്ണുവച്ചിരിക്കയാണ്. ഉപയോഗവും അനുദിനം വർദ്ധിക്കുകയാണ്. ഇരയാക്കുന്നതിലധികവും വിദ്യാർത്ഥികളുമാണ്. ഇതിനൊക്കെ മറുമരുന്നാണ് കലാപ്രവർത്തനങ്ങളെന്നും എം.പി പറഞ്ഞു.
സ്കൂൾ മാനേജർ കെ.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എഴുകോൺ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രതീഷ് കിളിത്തട്ടിൽ, കേരള സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ ഡോ.എസ് നസീബ്, ചലച്ചിത്ര നിർമ്മാതാവ് അഡ്വ കെ. അനിൽകുമാർ, സീനിയർ പ്രിൻസിപ്പൽ എൻ. അജയ ബാബു, പ്രിൻസിപ്പൽ പ്രിയ രാജൻ എന്നിവർ സംസാരിച്ചു. തുടർന്ന് കലാമത്സരങ്ങൾക്ക് തുടക്കമായി. 31 ന് രാവിലെ മത്സരങ്ങൾ പുനരാരംഭിക്കും. വൈകിട്ട് സമാപനം.