കൊല്ലം: മൂന്ന് റോഡുകൾ ആധുനിക നിലവാരത്തിൽ വികസിപ്പിക്കുന്ന സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയുടെ സ്ഥലമെറ്റെടുക്കലിന് 600 കോടി വേണമെന്ന ലാൻഡ് അക്വിസിഷൻ തഹസിൽദാരുടെ റിപ്പോർട്ട് വന്നതോടെ പദ്ധതി പ്രതിസന്ധിയിലാകുമെന്ന ആശങ്ക ഉയരുന്നു.നേരത്തെ 365.34 കോടി അനുവദിച്ചിരുന്ന പദ്ധതിയിൽ 150 കോടി മാത്രമാണ് സ്ഥലമേറ്റെടുക്കലിന് കണക്കാക്കിയിരുന്നത്. സ്ഥലമേറ്റെടുപ്പിനും പൊളിച്ചുനീക്കുന്ന കെട്ടിടങ്ങൾക്കുമുള്ള നഷ്ടപരിഹാരത്തിനുമായി 600 കോടി വേണ്ടി വരുമെന്ന അവസ്ഥ വന്നതോടെ പദ്ധതി തുക 800 കോടിക്ക് മുകളിലാകുമെന്ന സ്ഥിതിയാണ്. 20.61 ഏക്കർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കാൻ വർഷങ്ങളെടുത്താൽ നിർമ്മാണ ചെലവിലും വലിയ വർദ്ധനവുണ്ടാകും.
ഇംപ്രൂവാകുന്ന റോഡുകൾ
പഴയ ദേശീയപാത 66ലെ മേവറം മുതൽ കാവനാട് വരെ, റെയിൽവേ സ്റ്റേഷൻ- ഡീസന്റ് മുക്ക് റോഡ്, തിരുമുല്ലാവാരം- കല്ലുപാലം റോഡ് എന്നവയാണ് സിറ്റി റോഡ് ഇമ്പ്രൂവ്മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്നത്. മേവറം- കാവനാട് റോഡിന്റെ വികസനത്തിന് മയ്യനാട്, വടക്കേവിള, ഇരവിപുരം, കൊല്ലം ഈസ്റ്റ്, കൊല്ലം വെസ്റ്റ്, ശക്തികുളങ്ങര വില്ലേജുകളുടെ പരിധിയിൽ വരുന്ന റോഡ് വക്കിലെ ഭൂമിയാണ് ഏറ്റെടുക്കുന്നത്. റെയിൽവേ സ്റ്റേഷൻ - ഡീസന്റ് ജംഗ്ഷൻ റോഡ് വികസനത്തിന് കൊല്ലം ഈസ്റ്റ്, വടക്കേവിള, കിളികൊല്ലൂർ, തൃക്കോവിൽവട്ടം വില്ലേജുകളിലെയും തിരുമുല്ലാവാരം- കച്ചേരി റോഡ് വീതി കൂട്ടാൻ കൊല്ലം വെസ്റ്റ് വില്ലേജിലുമാണ് ഭൂമി ഏറ്റെടുക്കുന്നത്.
വലിയ മാറ്റങ്ങൾ
11.5 മീറ്റർ മുതൽ 20.2 മീറ്റർ വരെ വീതിയിലാകും മേവറം- കാവനാട് റോഡ് വികസിപ്പിക്കുക. റെയിൽവേ സ്റ്റേഷൻ- ഡിസന്റ് ജംഗ്ഷൻ റോഡ് 11.5 മുതൽ 22 മീറ്റർ വരെ വീതിയിലും തിരുമുല്ലാവാരം- കല്ലുപാലം- കച്ചേരി ജംഗ്ഷൻ റോഡ് 11.5 മീറ്ററിലുമാകും വികസിപ്പിക്കുക. മുഖ്യമന്ത്രിയുടെ സുപ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വികസനം നടപ്പാക്കുന്നത്. കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർവഹണ ചുമതല. നിർമ്മാണത്തിന് പുറമേ 15 വർഷത്തെ പരിപാലനം കൂടി ഉൾപ്പെടുത്തിയാകും കരാർ.നവീകരിക്കുന്ന റോഡിലുടനീളം ഇരുവശങ്ങളിലും നടപ്പാത, തെരുവ് വിളക്ക്, മീഡിയൻ, ഹാൻഡ്റെയിൽ, ഓട, വിശ്രമിക്കാൻ ഇരിപ്പിടങ്ങൾ എന്നിവയുണ്ടാകും. ജംഗ്ഷനുകളിൽ ട്രാഫിക് സിഗ്നൽ, റൗണ്ട് എബൗട്ട് തുടങ്ങിയ ക്രമീകരണങ്ങളും ഉണ്ടാകും
# റോഡ്, നീളം
മേവറം മുതൽ കാവനാട് വരെ: 13.15 കി. മീറ്റർ
റെയിൽവേ സ്റ്റേഷൻ- ഡീസന്റ് മുക്ക് റോഡ്: 6.3 കി. മീറ്റർ
തിരുമുല്ലാവാരം- കല്ലുപാലം റോഡ്: 4.31 കി. മീറ്റർ