
ചാത്തന്നൂർ: പാരിപ്പള്ളി ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് കാരണമായിരുന്ന മടത്തറ റോഡിലെ അനധികൃത കെട്ടിടങ്ങൾ കല്ലുവാതുക്കൽ പഞ്ചായത്ത് അധികൃതർ പൊളിച്ചു നീക്കി.ഓട്ടോ സ്റ്റാൻഡും ബസ് സ്റ്റോപ്പും മാർക്കറ്റിന്റെ പ്രധാന കവാടവും ഉൾക്കൊള്ളുന്ന മടത്തറ റോഡിന്റെ ഇരുവശത്തും കാൽനടയാത്രപോലും ദുഷ്കരമാകുന്ന തരത്തിലാണ് വഴിയോരക്കച്ചവടക്കാരും ചില വ്യാപാര സ്ഥാപനങ്ങളും പാത കയ്യേറിയിരുന്നത്. പഞ്ചായത്തും പാരിപ്പള്ളി പൊലീസും പലതവണ ആവശ്യപ്പെട്ടിട്ടും സംഘടിതമായി കയ്യേറ്റം തുടരുകയായിരുന്നുവെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സത്യപാലൻ പറഞ്ഞു.കടകകൾ നീക്കംചെയ്യാത്തതിനെത്തുടർന്ന് പാരിപ്പള്ളി എസ്.എച്ച്.ഒ അൽജബ്ബറിന്റെ നേതൃത്വത്തിലെത്തിയ പൊലീസിന്റെ സാന്നിദ്ധ്യത്തിൽ പൊളിച്ചു നീക്കുകയായിരുന്നു. ഒഴിപ്പിക്കലിനെ പ്രതിരോധിച്ച അഞ്ചോളം കച്ചവടക്കാർക്കെതിരെ പൊലീസ് കേസെടുക്കുകയും ഇവരുടെ വിൽപ്പനയ്ക്കു വച്ചിരുന്ന സാധനങ്ങൾ പഞ്ചായത്ത് കണ്ടുകെട്ടുകയും ചെയ്തു. വ്യാപാര സ്ഥാപനങ്ങൾ ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച ഇറക്കുകളും പൊളിച്ച് നീക്കി. ഇതിനായി പഞ്ചായത്തിന് ചെലവായ തുക ഇവരിൽ നിന്ന് ഈടാക്കും.പഞ്ചായത്ത് സെക്രട്ടറി ബിജു ശിവദാസ്, വൈസ് പ്രസിഡന്റ് എസ്.സത്യപാലൻ, അസി.എൻജിനിയർ ജോണി, ഓവർസിയർ സജു, ജീവനക്കാരായ ലത്തീഫ്, പ്രതീഷ്, വാർഡ് മെമ്പർ രജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.ജംഗ്ഷനിലെ അനധികൃത നിർമ്മാണങ്ങൾ നീക്കം ചെയ്യുന്ന നടപടികൾ തുടരുമെന്ന് ഗ്രാമപഞ്ചായത്ത് അറിയിച്ചു.