iso
ഓച്ചിറ ചങ്ങൻകുളങ്ങര 59ാം നമ്പർ അങ്കണവാടിയുടെ ഐ.എസ്.ഒ പ്രഖ്യാപനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീദേവി നിർവഹിക്കുന്നു

ഓച്ചിറ: സംസ്ഥാനത്തെ ആദ്യ ഹൈടെക് അങ്കണവാടിയായ ഓച്ചിറ ചങ്ങൻകുളങ്ങര 59ാം നമ്പർ അങ്കണവാടിക്ക് ഐ.എസ്.ഒ അംഗീകാരം.

ആദ്യമായിട്ടാണ് ഒരു അങ്കണവാടിക്ക് ഇത്തരമൊരു അംഗീകാരം ലഭിക്കുന്നത്. 2020ൽ സ്വച്ച് സുന്ദർ അവാർഡും നേടിയിരുന്നു. ശീതീകരിച്ച ഡിജിറ്റൽ ക്ലാസ് റൂം, കമ്പ്യൂട്ടർ ലാബ്, പ്രൊജക്ടർ, ആധുനിക ഫർണിച്ചറുകൾ, പൂത്തോട്ടം, ഔഷധകൃഷിത്തോട്ടം എന്നിവ ഇവിടത്തെ പ്രത്യേകതയാണ്. അങ്കണവാടിക്ക് ആവശ്യമായ പച്ചക്കറികൾ ഇവിടെത്തന്നെയാണ് കൃഷി ചെയ്യുന്നത്.

അങ്കണവാടിയുടെ ഐ.എസ്.ഒ പ്രഖ്യാപനവും ലൈബ്രറി ഉദ്ഘാടനവും കുട്ടികർഷകരെ ആദരിക്കലും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീദേവി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. കൃഷ്ണകുമാർ അദ്ധ്യക്ഷനായി. അങ്കണവാടി അദ്ധ്യാപിക ആർ.ജി. ജനറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. ലൈബ്രറി ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ഗേളീഷൺമുഖനും കുട്ടികൾക്കുള്ള പച്ചക്കറി വിതരണം ബ്ലോക്ക് പഞ്ചായത്തംഗം എസ്.ഗീതാകുമാരി നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ആർ.ഡി.പത്മകുമാർ, ശ്രീലതാ പ്രകാശ് ഗ്രാമപഞ്ചായത്തംഗങ്ങളായ എ.അജ്മൽ, ഗീതാരാജു, ഇന്ദുലേഖാ രാജീവ്, മാളു സതീശ്, മിനി പൊന്നൻ, എസ് ഗീതാകുമാരി, സെക്രട്ടറി ജി. രാധാകൃഷ്ണണൻ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്തംഗം ഇ.എം അഭിലാഷ് കുമാർ സ്വാഗതവും എസ്.സി.ഡി.എസ് സൂപ്പർവൈസർ യു.നീതു നന്ദിയും പറഞ്ഞു.