 
ഓയൂർ: വിലങ്ങറ സ്‌കന്ദഷഷ്ഠി ദർശന പണ്യം നുകരാൻ പുലർച്ചെ മുതൽ പതിനായിരങ്ങൾ ഒഴുകിയെത്തി, ഇഷ്ട ദേവനായ വേലായുധ സ്വാമിയുടെ അനുഗ്രഹം തേടി. പാൽക്കുടങ്ങളും പടച്ചോറും കൊണ്ട് സമൃദ്ധമായ
സ്‌കന്ദഷഷ്ഠി ഉത്സവം വിലങ്ങറ ക്ഷേത്ര സന്നിധിയെ ഭക്തിയിൽ ആറാടിച്ചു.
പുലർച്ചെ അഞ്ച് മണിയോടെ പഞ്ചാമൃത അഭിഷേകം നടത്തിയ ദേവന് മുന്നിൽ മേൽശാന്തി വെങ്കിട്ട രമണൻ പോറ്റി ആദ്യ പടച്ചോർ സമർപ്പിച്ച്
ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. തുടർന്ന് പതിനായിരങ്ങൾ പടച്ചോർ സമർപ്പണം നടത്തി. ഉച്ചയോടെ ആയിരകണക്കിന് സ്ത്രീകൾ പാൽക്കുടവുമേന്തി ഘോഷയാത്രയായി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെത്തി. എഴുന്നള്ളത്തും നാലമ്പലത്തിലേക്ക് പ്രവേശിച്ചതോടെ ക്ഷേത്രവും പരിസരവും സ്ത്രീകളാൽ നിറഞ്ഞു കവിഞ്ഞു.
ദേവന് പാലഭിഷേകം നടത്തി. തുടർന്ന് ഷഷ്ഠി പൂജ തുടങ്ങി. ദീപാരാധനയ്ക്ക് പടച്ചോർ കഴിച്ച് സ്ത്രീകൾ ഷഷ്ഠിവൃതം പൂർത്തിയാക്കി. മണി മണ്ഡപത്തിലൊരുക്കിയ വാഴപ്പഴം മൂടൽ പ്രത്യേകതയായി. പുഷ്പാഭിഷേകം, ഭസ്മാഭിഷേകം തുടങ്ങിയവയോടെ ചടങ്ങുകൾ സമാപിച്ചു. ഒന്നര ലക്ഷത്തോളം പടച്ചോർ വിതരണം ചെയ്തതായി ദേവസ്വം അധികൃതർ അറിയിച്ചു.