കുന്നത്തൂർ: ശാസ്താംകോട്ട ഡി.ബി കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ചവറ സബ് ജില്ലാ സ്പോർട്സ് മീറ്റിനിടെ ഹാമർ തലയിൽ വീണ് വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. വേങ്ങ ഐ.സി.എസ് പുതുമംഗലത്ത് വീട്ടിൽ മാജിദയ്ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ടാണ് അപകടം. സ്പോർട്സ് മീറ്റിൽ പങ്കെടുക്കാനെത്തിയ മകനെ കൂട്ടിക്കൊണ്ട് പോകാൻ എത്തിയതായിരുന്നു ഇവർ. എന്നാൽ അപ്രതീക്ഷിതമായി ഹാമർ മാജിദയുടെ തലയിൽ പതിക്കുകയായിരുന്നു. ഉടൻ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകട നില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.