1-

കൊല്ലം: പ്രായാധിക്യവും അവശതയും അസുഖങ്ങളും തളർത്തുമ്പോൾ മാതാപിതാക്കളെ ഉപേക്ഷിക്കാനുള്ള ഇടമായി മാറുകയാണ് ജില്ലാ ആശുപത്രി. കഴിഞ്ഞ ആറുമാസത്തിനിടെ പതിനഞ്ചോളം പേരെയാണ് ബന്ധുക്കൾ ഉപേക്ഷിച്ച് പോയത്.

ആശുപത്രി അധികൃതർ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെയാണ് ഇവരെ ആശ്രയകേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്. കാലിൽ മുറിവേറ്റ് പുഴുവരിച്ചനിലയിലും ത്വക്ക് രോഗം മൂർച്ഛിച്ച അവസ്ഥയിലുമൊക്കെ വൃദ്ധരെ ആശുപത്രിയിൽ തള്ളുന്നവരുമുണ്ട്.

അഡ്മിറ്റാക്കിയ ശേഷം മുങ്ങുന്ന ഇത്തരക്കാർ തിരികെ വരാറില്ല. യുവജന സംഘടനകൾ നൽകുന്ന ഭക്ഷണം കഴിച്ച് മൂന്ന് മാസത്തിലേറെയായി ആശുപത്രി വളപ്പിൽ കഴിയുന്നവരും ഇക്കൂട്ടത്തിലുണ്ട്. സ്വന്തമായി ആശുപത്രിയിലെത്തി ചികിത്സ തേടിയ ശേഷം ഡിസ്ചാർജ് വാങ്ങിപ്പോകുന്ന വൃദ്ധരുമുണ്ട്.

ചികിത്സയ്ക്ക് എത്തിച്ച് ബന്ധുക്കൾ മുങ്ങുന്നു

 ചികിത്സ തേടുന്നവരിൽ ഊരും പേരുമില്ലാത്തവരും

 സന്നദ്ധപ്രവർത്തകരും പൊലീസും രോഗികളെ എത്തിക്കാറുണ്ട്

 ഇവരിൽ പലരുടെയും വ്യക്തമായ വിവരങ്ങളില്ല

 വിദഗ്ദ്ധ ചികിത്സയ്ക്ക് മാറ്റുന്നത് സന്നദ്ധപ്രവർത്തകർ

 ചികിത്സയ്ക്കിടെ മരിക്കുന്നവരുടെ ബന്ധുക്കളെ കണ്ടെത്താനാവുന്നില്ല

ആശ്രയകേന്ദ്രത്തിലേക്ക്

കടമ്പകളേറെ

ഔദ്യോഗിക രേഖകളിൽ ബന്ധുക്കൾ ഉണ്ടെങ്കിൽ ആശ്രയകേന്ദ്രങ്ങളിലേക്ക് മാറ്റാൻ കടമ്പകളേറെയാണ്. ഇതിന് സാമൂഹ്യനീതി വകുപ്പിന്റെയും പൊലീസിന്റെയും സേവനം ആവശ്യമാണ്. വൃദ്ധരെ സംരക്ഷിക്കാൻ സർക്കാർ സേവനങ്ങൾ ഉണ്ടെങ്കിലും പലരും ആശുപത്രിയിലെത്തിച്ച് മുങ്ങുകയാണ്. മാതാപിതാക്കളെ ഉപേക്ഷിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാത്തതും ഇക്കൂട്ടർക്ക് വളമാകുന്നുണ്ട്.

വൃദ്ധരെ ചികിത്സയ്ക്കെത്തിച്ച ശേഷം കടന്നുകളയുന്ന രീതി വർദ്ധിച്ചുവരുന്നുണ്ട്. ആരുമേറ്റെടുക്കാനില്ലാത്തതിനാൽ രോഗം ഭേദമായിക്കഴിഞ്ഞാലും വിടുതൽ നൽകാൻ കഴിയാത്ത സാഹചര്യമാണ്.

ഡോ. വസന്തദാസ്,

ജില്ലാ ആശുപത്രി സൂപ്രണ്ട്

വിദഗ്ദ്ധ ചികിത്സ ആവശ്യമായി വന്നാൽ രോഗിയെ ഉപേക്ഷിച്ച് കടക്കുന്നവരുണ്ട്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുന്നതിനും ആരോരുമില്ലാത്തവരെ അഗതി മന്ദിരങ്ങളിലെത്തിക്കുന്നതിനും പ്രതിഫലേച്ഛയില്ലാതെ സഹായിക്കാറുണ്ട്.

ഗണേഷ്,

ജീവകാരുണ്യ പ്രവർത്തകൻ

വൃദ്ധനെ അഗതി മന്ദിരത്തിലെത്തിച്ചു

ജില്ല ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിട്ടും ഏറ്റെടുക്കാനാളില്ലാത്ത വൃദ്ധനെ കൊട്ടാരക്കരയിലെ ആശ്രയ അഗതിമന്ദിരത്തിലെത്തിച്ചു. ഇരുകാലിലും പുഴുവെടുത്ത് വലിയ മുറിവുകളുമായി ജൂലായ് 19ന് ആശുപത്രിയിലെത്തിയ ആദിച്ചനല്ലൂർ സ്വദേശിയായ തങ്കച്ചനെയാണ് (70) അഗതിമന്ദിരത്തിലെത്തിച്ചത്. ജില്ലാ ആശുപത്രി സൂപ്രണ്ട് വസന്തദാസിന്റെ സഹകരണത്തോടെ ജീവകാരുണ്യ പ്രവർത്തകനായ ഗണേഷ്, അഗ്നിശമന സേന ഉദ്യോഗസ്ഥൻ മനോജ് എന്നിവരാണ് വൃദ്ധനെ എത്തിച്ചത്. സ്വന്തമായുള്ള വീട്ടിൽ അവിവാഹിതരായ രണ്ട് ആൺമക്കളുണ്ടെന്നും ഭാര്യ പത്ത് വർഷം മുമ്പ് മരിച്ചെന്നും വൃദ്ധൻ ആശുപത്രി അധികൃതരെ അറിയിച്ചു.