ganesh

പത്തനാപുരം: പുനലൂർ - മൂവാറ്റുപുഴ പാതയിൽ ചരക്ക് വാഹനം കടന്നുപോകുന്നതിനിടെ തകർന്ന പത്തനാപുരം കല്ലുംകടവ് പാലം ഇന്ന് ഗതാഗതത്തിന് സജ്ജമാകും. ഇന്നലെ ട്രയൽ റൺ നടത്തി സുരക്ഷ ഉറപ്പാക്കിയാണ് ഇന്ന് തുറന്നുകൊടുക്കുന്നത്.

പാലത്തിൽ രൂപപ്പെട്ട വലിയ കുഴിയിൽ നൂറോളം കോൺക്രീറ്റ് ബ്ലോക്കുകൾ അടുക്കിയശേഷം മെറ്റൽ നിരത്തി ടാറിംഗ് നടത്തുകയായിരുന്നു. അറുപതോളം തൊഴിലാളികൾ വിശ്രമമില്ലാതെ പണിയെടുത്താണ് കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കിയത്.

പാലത്തിന്റെ അപ്രോച്ച് റോഡിലെ മണ്ണ് ഇടിഞ്ഞതിനെ തുടർന്ന് മൂന്ന് ദിവസമായി പാലത്തിലൂടെയുള്ള ഗതാഗതം നിറുത്തിവച്ചിരുന്നു. വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം ശക്തമായി പുറത്തേക്ക് ഒഴുകിയതോടെയാണ് പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ റോഡിലെ മണ്ണ് ഇടിഞ്ഞിറങ്ങിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11 ഓടെയായിരുന്നു സംഭവം. കൊല്ലം - പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിന് സമാന്തരമായി പുതിയ പാലം നിർമ്മാണം നടന്നുവരുന്നതിനിടെയായിരുന്നു അപകടം.