chinjurani-padam

കൊല്ലം: ക്ഷീരകർഷകർക്ക് പുതുവർഷ സമ്മാനമായി അധിക പാൽ വില നൽകുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ചാത്തന്നൂർ ബ്ളോക്ക് ക്ഷീര സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പാൽ വിലയോടൊപ്പം തീറ്റ വില ഉയരുന്ന സാഹചര്യമായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. ഇത്തവണ അങ്ങനെയുണ്ടാവില്ല. ചോളം ആന്ധ്രയിൽ നിന്ന് ഇറക്കുമതി ചെയ്ത് സബ്സിഡി നിരക്കിൽ കർഷകരുടെ ഉരുക്കൾക്ക് നൽകാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്നും ഇതിനായി ആന്ധ്രപ്രദേശുമായി കരാറിലേർപ്പെടുമെന്നും മന്ത്രി പറഞ്ഞു. ക്ഷീരകർഷകരുടെ ഉന്നമനത്തിനായി പുതുവർഷത്തിൽ പുതിയ പദ്ധതികൾ പ്രഖ്യാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജി.എസ്.ജയലാൽ എം.എൽ.എ അദ്ധ്യക്ഷനായി. ഇത്തിക്കര ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.സദാനന്ദൻ പിള്ള,​ ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി.ഉണ്ണികൃഷ്ണൻ,​ സരിതാ പ്രതാപ്, സജി സാമുവൽ, ഡെപൂട്ടി ഡയറക്ടർ ബി.നിഷ, ഡയറി എക്സ്റ്റൻഷൻ ഓഫിസർ വിമലകുമാരി, ഡോ.ഡി.ഷൈൻ കുമാർ, പ്രിൻസി ജോൺ എന്നിവർ സംസാരിച്ചു.