കൊല്ലം: കൃത്രിമ തെളിവുകളുണ്ടാക്കി കഞ്ചാവ് കേസിൽ കുടുക്കിയതാണെന്ന കണ്ടെത്തലിനെ തുടർന്ന് യുവാവിനെ കോടതി കുറ്റവിമുക്തനാക്കി. ചാത്തിനാംകുളം എം.എസ്.എം സ്കൂളിന് മുന്നിൽ കുട്ടികൾക്ക് കഞ്ചാവ് ചെറുപൊതികളാക്കി കച്ചവടം ചെയ്തെന്ന പേരിൽ കിളികൊല്ലൂർ പൊലീസ് 2018 ജനുവരി 18ന് അറസ്റ്റ് ചെയ്ത മങ്ങാട് കൊച്ച് ഓലിക്കരവിള ഷീജാ മൻസിലിൽ സെയ്ദലിയെയാണ് (27) പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് എം.ബി. സ്നേഹലത കുറ്റവിമുക്തനാക്കിയത്.
സംഭവ ദിവസം രാവിലെ കിളികൊല്ലൂർ എസ്.ഐ വി. അനിൽകുമാർ പെരിനാട് കുഴിയം ഭാഗത്തുവച്ചാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്നും പിന്നീട് തെളിവുകൾ കൃത്രിമമായുണ്ടാക്കിയതാണെന്നും യുവാവ് കോടതിയിൽ മൊഴി നൽകി. സി.ഐ ഒറ്റദിവസം മാത്രം അന്വേഷണം നടത്തി കേസ് എസ്.ഐയ്ക്ക് കൈമാറി. കുറ്റപത്രം സമർപ്പിച്ചതും എസ്.ഐയാണ്. സാക്ഷികളുടെ വെളിപ്പെടുത്തലുകളിലെ വൈരുദ്ധ്യവും പൊലീസ് ഹാജരാക്കിയ രേഖകളിലെ അവിശ്വസനീയതയുമാണ് ഇയാളെ കുറ്റവിമുക്തനാക്കാൻ കാരണമായത്.
രഹസ്യ വിവരത്തെ തുടർന്ന് എസ്.ഐ വി.അനിൽ കുമാറിന്റെ നേതൃത്വത്തിൽ കഞ്ചാവ് പൊതികളുമായി യുവാവിനെ കാറുൾപ്പെടെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും ചോദ്യം ചെയ്യലിൽ കഞ്ചാവ് ചെടികൾ വളർത്തുന്നുണ്ടെന്ന് പറഞ്ഞെന്നും യുവാവിനൊപ്പം വീട്ടിലെത്തി കഞ്ചാവ് ചെടികൾ കണ്ടെടുത്തെന്നുമാണ് പൊലീസ് കേസ്. 12 സാക്ഷികളെ വിസ്തരിക്കുകയും 26 രേഖകൾ ഹാജരാക്കുകയും ചെയ്തതായി യുവാവിന്റെ അഭിഭാഷകരായ കല്ലൂർ കൈലാസ് നാഥ്, ആർ.എസ്. പ്രശാന്ത് എന്നിവർ അറിയിച്ചു. പൊലീസിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് സെയ്ദലി പറഞ്ഞു.