vks-kollam

കൊല്ലം: തെരുവുകളിൽ ഉറക്കെപ്പാടി പാട്ടിനെയും കലയെയും പ്രതിരോധത്തിനു വേണ്ടി ശക്തമായി ഉപയോഗിക്കാൻ ജനങ്ങളെ പഠിപ്പിച്ച ജനകീയ ഗായകനാണ് വി.കെ.എസ് എന്ന് കവി മുരുകൻ കാട്ടാക്കട പറഞ്ഞു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ജനകീയ തലം വർദ്ധിപ്പിക്കുന്നതിന് നേതൃത്വം നൽകിയ വി.കെ.ശശിധരൻ എന്ന വി.കെ.എസിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കൊല്ലത്ത് സംഘടിപ്പിച്ച സാംസ്കാരികോത്സവത്തിന്റെ സമാപന സമ്മേളനം സാഹിത്യ വിലാസിനി ലൈബ്രറിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ വാക്കുകളെയും പാട്ടുകളെയും കലകളെയുമൊക്കെ കൂടുതൽ ശക്തിപ്പെടുത്തി ശാസ്ത്രത്തിന്റെ, സ്വാതന്ത്ര്യബോധത്തിന്റെ പ്രകാശം പരത്താൻ കരുത്തോടെ പ്രവർത്തിക്കേണ്ട കാലമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ പ്രസിഡന്റ് പ്രൊഫ.ടി.പി. കുഞ്ഞിക്കണ്ണൻ 'ഇന്ത്യ അറ്റ് 75' എന്ന വിഷയം അവതരിപ്പിച്ചു. നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് ഇന്ത്യ വളർന്നുവന്നതെന്നും എല്ലാ വിഭാഗീയതകൾക്കുമതീതമായി എല്ലാ വൈവിധ്യങ്ങളെയും ശക്തിപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നു എന്നതാണ് ഇന്ത്യയുടെ പ്രത്യേകതയെന്നും അതിനെ തകർക്കുന്നതിനുള്ള ബോധപൂർവമായ ശ്രമങ്ങളെ പ്രതിരോധിക്കുകയെന്നത് വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് ജി.സുനിൽകുമാർ ആദ്ധ്യക്ഷനായി. മൈനാഗപ്പള്ളി രാധാകൃഷ്ണൻ വി.കെ.എസ് സംഗീതം നൽകിയ ഗാനങ്ങൾ ആലപിച്ചു. കൊല്ലം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കൊല്ലം മധു,​ കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ഉദയകുമാർ, പി.ഹുമാംറഷീദ് എന്നിവർ സംസാരിച്ചു. ശാസ്ത്രസാഹിത്യപരിഷത്ത് ജില്ലാ സെക്രട്ടറി കെ.പ്രസാദ്. സ്വാഗതവും ശാസ്ത്രസാഹിത്യ പരിഷത്ത് മുഖത്തല മേഖലാ സെക്രട്ടറി ചിറ്റടി രവി നന്ദിയും പറ‌ഞ്ഞു.