
അഞ്ചാലുംമൂട്: ലഹരി വിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനായി ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്‌കീം കൊല്ലം ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ അഞ്ചാലുംമൂട്ടിൽ സംഘടിപ്പിച്ച സമൂഹ ജാഗ്രതാജ്യോതിയും സ്‌നേഹവലയവും ഡിവിഷൻ കൗൺസിലർ എസ്. സ്വർണമ്മ ഉദ്ഘാടനം ചെയ്തു. അഞ്ചാലുംമൂട് ഗവ.ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡന്റ് ജി. ലിബുമോൻ അദ്ധ്യക്ഷനായി. അഞ്ചാലുംമൂട് പൊലീസ് എസ്.ഐ ലാലു ദീപം പകർന്നു നൽകി. പ്രിൻസിപ്പൽ സി.വി. പ്രദീപ് സ്വാഗതം പറഞ്ഞു. കൊല്ലം ക്ലസ്റ്റർ പി.എ.സി എൽ.ഗ്ലാഡിസൺ എൻ.എസ്.എസ് സന്ദേശം നൽകി. പ്രഥമാദ്ധ്യാപകൻ ശ്രീകുമാർ, അഡ്വ.ബി. ബൈജുഅനിൽകുമാർ, മദർ പി.ടി.എ പ്രസിഡന്റ് അനുഷ ശൈലേഷ്, സ്റ്റാഫ് സെക്രട്ടറി ഡോ. ടി.എസ്.ദീപ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാർ എന്നിവർ പങ്കെടുത്തു. അഞ്ചാലുംമൂട്, പ്രാക്കുളം, നീരാവിൽ, മങ്ങാട്, കോയിക്കൽ, അഷ്ടമുടി സെന്റ്. അലോഷ്യസ് ഹയർ സെക്കൻഡറി സ്‌കൂളുകളിലെ 250 എൻ.എസ്.എസ് വോളണ്ടിയർമാർ, പി.ടി.എ, ജനജാഗ്രതാ സമിതി അംഗങ്ങൾ, ഓട്ടോ, ടാക്‌സി, ടെമ്പോ ഡ്രൈവർമാർ, നാട്ടുകാർ എന്നവർ പങ്കാളികളായി.