
പ്രതിസന്ധി ഘട്ടത്തിൽ പ്രസ്ഥാനത്തെ ആർജ്ജവത്തോടെ നയിച്ച കരുത്തനായ രാഷ്ട്രീയ നേതാവായിരുന്നു പ്രൊഫ. ടി.ജെ.ചന്ദ്രചൂഡൻ. പാർട്ടി സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യാ സെക്രട്ടറിയുമായിരുന്ന ഘട്ടത്തിൽ നിരവധി പ്രതിസന്ധികൾ അഭിമുഖീകരിക്കേണ്ടിവന്നു. അവയെ ആത്മസംയമനത്തോടും സമചിത്തതയോടും അഭിമുഖീകരിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അനിതരസാധാരണമാണ്. പാർട്ടിയുടെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്ന നിലയിൽ 1991ൽ ഭിന്നിപ്പുണ്ടായപ്പോൾ അതിജീവിച്ച് പ്രസ്ഥാനം നിലനിറുത്തുന്നതിൽ നിർണായകപങ്കാണ് അദ്ദേഹം വഹിച്ചത്. പാർട്ടി പരമ്പരാഗതമായി മത്സരിച്ചിരുന്ന കൊല്ലം ലോക്സഭാ സീറ്റും നിയമസഭാ സീറ്റും ഹരിപ്പാട് സീറ്റുമൊക്ക പാർട്ടിക്ക് നഷ്ടമായ സാഹചര്യത്തിലും പ്രവർത്തകർക്ക് ആത്മവിശ്വാസം നൽകി പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കാൻ കാണിച്ച തന്റേടം അസാധാരണമായിരുന്നു. ഇടത് മുന്നണിയുടെ ഭാഗമായി പ്രവർത്തിക്കുന്ന കാലയളവിൽ ഇടത് നയവ്യതിയാനങ്ങളെ തുറന്നെതിർക്കുന്നതിൽ ഒരുസങ്കോചവും അദ്ദേഹം കാണിച്ചില്ല. സഖാവ് വി.എസ്.അച്യുതാനന്ദൻ, വെളിയം ഭാർഗവൻ എന്നിവരോടൊപ്പം ഇടത് മുന്നണിയെ കെട്ടുറപ്പോടെ നയിക്കുന്നതിൽ പ്രൊഫ. ടി.ജെ.ചന്ദ്രചൂഡൻ സ്വീകരിച്ച നിലപാടുകൾ നിർണായകമായിരുന്നു.
രാഷ്ട്രീയ ആർജ്ജവത്തോടുകൂടി സ്വീകരിച്ച ശക്തമായ നിലപാടുകളുടെ പേരിൽ മുന്നണിക്കുള്ളിൽ നിന്ന് നിശിത വിമർശനം ഏറ്റുവാങ്ങേണ്ടി വന്നപ്പോഴും തന്റെ നിലപാടുകൾ മയപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. ഐ.എൻ.എൽ, ഡി.ഐ.സി തുടങ്ങിയ കക്ഷികളെ മുന്നണിയിലെടുക്കുന്ന പ്രശ്നങ്ങളിൽ അദ്ദേഹം സ്വീകരിച്ച നിലപാടും പ്രതികരണങ്ങളും മുന്നണിനേതൃത്വത്തെ പലപ്പോഴും പ്രതിരോധത്തിലാക്കി. ആദർശാധിഷ്ഠിതവും മൂല്യബോധവുമുള്ളതായിരിക്കണം ഇടതുപക്ഷ രാഷ്ട്രീയമെന്ന അദേഹത്തിന്റെ നിലപാടുകൾ ശരിയാണെന്ന് സ്ഥിരീകരിക്കപ്പെട്ട കാലമാണിത്. ശക്തമായ ഇടത് രാഷ്ട്രീയം മുറുകെപ്പിടിച്ച അദ്ദേഹം 2014ൽ ആർ.എസ്.പി യുടെ മുന്നണിമാറ്റത്തെ പിന്തുണച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്. പ്രസ്ഥാനത്തിന്റെ നിലനിൽപ്പ് അപകടത്തിലാകുന്ന ഘട്ടത്തിൽ ഇതല്ലാതെ മറ്റൊരു പോംവഴിയുമില്ലെന്ന ദീർഘവീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് മുന്നണിമാറ്റത്തെ പിന്തുണച്ചത്. ഇക്കാര്യത്തിൽ കാണിച്ച നയതന്ത്റജ്ഞത കേരള രാഷ്ട്രീയത്തിൽ സജീവശ്രദ്ധ ആകർഷിക്കുന്നതാണ്. പാർട്ടി അഖിലേന്ത്യാ സെക്രട്ടറിയായിരിക്കെ കേരള ഘടകം സ്വീകരിച്ച മുന്നണിമാറ്റ നിലപാടുകൾ സാധൂകരിക്കുകയും അഖിലേന്ത്യാ ഘടകവുമായി ചേർത്തുനിറുത്തി പ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോവുകയും ചെയ്ത നയചാതുര്യതയാണ് ഇക്കാര്യത്തിൽ അദ്ദേഹം പ്രകടിപ്പിച്ചത്. പാർട്ടി അഖിലേന്ത്യാ സെക്രട്ടറിയായി ഡൽഹിയിലെത്തിയ അദ്ദേഹം അവിടെയും തന്റെ നേതൃപാടവം പ്രകടിപ്പിച്ചു. ഒന്നാം യു.പി.എ സർക്കാരിന്റെ കാലഘട്ടത്തിൽ ഉണ്ടായിരുന്ന യു.പി.എ - ഇടത് കോ ഓർഡിനേഷൻ കമ്മിറ്റിയിൽ അംഗമായിരുന്നു കൊണ്ട് ഇടതുപക്ഷ വീക്ഷണങ്ങൾ ഉയർത്തിപ്പിടിക്കാനും നിരവധി പുരോഗമന ക്ഷേമ പദ്ധതികൾക്ക് രൂപം നൽകാനും കഴിഞ്ഞു. ഒന്നാം യു.പി.എ സർക്കാരിന്റെ വിജയത്തിന് പിന്നിലെ പ്രബല ചാലകശക്തി 68 പാർലമെന്റ് അംഗങ്ങൾ ഉണ്ടായിരുന്ന ഇടത് മുന്നണിയായിരുന്നു. ആ മുന്നണിയിലൂടെയാണ് തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം, വനാവകാശ നിയമം ഉൾപ്പെടെ നിരവധി പുരോഗമന നിയമനിർമ്മാണങ്ങൾക്ക് വഴിതുറക്കപ്പെട്ടത്.
ഇന്ത്യയുടെ പരമാധികാര താത്പര്യങ്ങൾക്ക് ഹാനികരമാകുന്ന ഇന്തോ- അമേരിക്കൻ ആണവകരാറിനെ എതിർക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ചത് ചന്ദ്രചൂഡനായിരുന്നു. സങ്കീർണമായ ആണവകരാറിനെക്കുറിച്ച് ആഴത്തിൽ പഠിച്ച് മുന്നണി യോഗത്തിൽ അവതരിപ്പിച്ചപ്പോൾ കരാറിന് നേതൃത്വം കൊടുത്തിരുന്ന, യു.പി.എ കോ ഓർഡിനേഷൻ കമ്മിറ്റി കൺവീനർ കൂടിയായ മന്ത്രി പ്രണബ് മുഖർജി ക്ഷുഭിതനായ സംഭവമുണ്ടായി. എന്നാൽ ഇടത് നിലപാടിൽ അല്പം പോലും വെള്ളം ചേർക്കാൻ ആർ.എസ്.പിയും ഇതര ഇടതുമുന്നണി അംഗങ്ങളും അനുവദിച്ചില്ല. ഈ രാഷ്ട്രീയ നിലപാടാണ് പിൽക്കാലത്ത് യു.പി.എ, ഇടതുസഖ്യം ഇല്ലാതാക്കിയത്.
ദീർഘകാലം അദ്ദേഹവുമായി അടുത്തുനിന്ന് രാഷ്ട്രീയ പ്രവർത്തനം നടത്താനും അദ്ദേഹത്തിന്റെ രാഷ്ട്രീയവും സംഘടനാപരവുമായ സവിശേഷതകൾ അനുഭവത്തിലൂടെ മനസിലാക്കാനും അവസരമുണ്ടായിട്ടുണ്ട്. രാഷ്ട്രീയ നിലപാടുകളിലും സംഘടനാ കാര്യങ്ങളിലും കാണിക്കുന്ന കാർക്കശ്യം ഒരിക്കലും വ്യക്തിഗത സൗഹൃദങ്ങൾക്ക് ഉലച്ചിൽ തട്ടിയിരുന്നില്ല. വിയോജിക്കുന്നവരോട് പകയോ വിദ്വേഷമോ കാട്ടാതെ ഉയർന്ന ജനാധിപത്യ ബോധത്തോടെ അവരെ അംഗീകരിക്കാനുള്ള വിശാലത അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.
വിഷയങ്ങളെ ആഴത്തിൽ വിശകലനം ചെയ്യാനും വിശദീകരിക്കാനുള്ള അനിതര സാധാരണമായ വൈഭവമുണ്ടായിരുന്നു. അവസാന ശ്വാസം വരെ ഇടതുപക്ഷ മൂല്യങ്ങൾ മുറുകെപ്പിടിച്ച് സാർത്ഥകമായ ജീവിതം നയിച്ചു. ഞാൻ അദ്ദേഹവുമായി ഏറ്റവും അടുത്ത കുടുംബസൗഹൃദം കാത്തുസൂക്ഷിച്ചു. എന്റെ ഭാര്യയോടും മക്കളോടും കാണിച്ച സ്നേഹവും വാത്സല്യവും ആദരവോടെ സ്മരിക്കുന്നു. മകനുമായി അദ്ദേഹത്തിന് വലിയ സ്നേഹബന്ധമുണ്ടായിരുന്നു. പ്രതിസന്ധി ഘട്ടത്തിൽ പ്രശ്നപരിഹാരത്തിനായി ആർക്കും അദ്ദേഹത്തെ സമീപിക്കാമായിരുന്നു. ഞാൻ അഞ്ചുവർഷം മന്ത്രിയായിരുന്ന ഘട്ടത്തിൽ സങ്കീർണമായ ഭരണപരമായ പ്രശ്നങ്ങളുണ്ടായപ്പോഴെല്ലാം അദ്ദേഹത്തെ സമീപിക്കാനും പരിഹാരനിർദേശങ്ങൾ നേടാനും കഴിഞ്ഞത് എനിക്ക് ഏറെ ആശ്വാസകരമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം പാർട്ടിക്ക് വലിയ നഷ്ടമാണ്. എനിക്ക് വ്യക്തിപരമായും.