എഴുകോൺ : കരീപ്ര പഞ്ചായത്തിലെ വാക്കനാട് തേരിയിൽ കോളനിക്കാരുടെ റോഡിനായുള്ള കാത്തിരിപ്പിന് അര നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. എന്നാൽ, ആ കാത്തിരിപ്പ് സഫലമായതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ കോളനി നിവാസികൾ.
ഗ്രാമപഞ്ചായത്തംഗം ആർ.സുനിതകുമാരിയുടെ നേതൃത്വത്തിൽ നാട്ടുകാരുമായി ചേർന്ന് കഴിഞ്ഞ ദിവസം കോളനിയിലേക്ക് റോഡ് തെളിച്ചതോടെ ദീർഘകാലമായ ആവശ്യത്തിന് അവസാനമായി.
19 വീടുകളുള്ള കോളനിയിൽ കശുവണ്ടി, തൊഴിലുറപ്പ് മേഖലകളിൽ പണിയെടുക്കുന്ന ദുർബല ജനവിഭാഗങ്ങളാണ് താമസിക്കുന്നത്. നെടുമൺകാവ് വാക്കനാട് റോഡിലേക്ക് എത്തിച്ചേരുന്ന ഇടറോഡിൽ നിന്ന് 150 മീറ്ററോളം അകലെയാണ് കോളനി. തീരെ ഇടുങ്ങിയ നടവഴി റോഡായി വികസിപ്പിക്കണമെന്നത് നാട്ടുകാരുടെ നിരന്തര ആവശ്യമായിരുന്നു. രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിനും മറ്റും ചുമന്നു കൊണ്ടു പോകേണ്ട സ്ഥിതിയായിരുന്നു. റോഡില്ലാത്തതിനാൽ കോളനി നിവാസികളും നാട്ടുകാരും ഏറെ ബുദ്ധിമുട്ടിയത് കൊവിഡ് മഹാമാരിയുടെ കാലത്താണ്.
അക്കാലത്ത് മരിച്ച ആയക്കോട്ട് പടിഞ്ഞാറ്റതിൽ ബിനുവിന്റെ (42) മൃതദേഹം കൊവിഡ് പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനും മടക്കി കൊണ്ടു വരുന്നതിനും അനുഭവിച്ച ബുദ്ധിമുട്ട് ചില്ലറയല്ല. കൊവിഡ് ബാധിച്ച 82 കാരിയായ കാർത്യായനിയെ കസേരയിലിരുത്തി ചുമന്നാണ് വാഹനത്തിലെത്തിച്ചത്. റോഡില്ലാത്തതിനാൽ ലൈഫ് ഭവന പദ്ധതിയിൽ അപേക്ഷിക്കാൻ പോലും പ്രദേശ വാസികൾ മടിച്ചതോടെയാണ് പഞ്ചായത്തംഗം വഴിയൊരുക്കാൻ മുന്നിട്ടിറങ്ങിയത്. റോഡിന് സ്വകാര്യ വ്യക്തികളുടെ ഭൂമി ലഭ്യമാക്കുന്നതിന് പ്രാരംഭ പ്രവർത്തനങ്ങൾ നടത്തിയ മുൻ വാർഡ് മെമ്പർ ബി. പ്രദീപ്കുമാറിന്റെയും വാർഡിലെ ബി.ജെ.പി. പ്രവർത്തകരുടെയും സഹായത്തോടെയാണ് റോഡ് വെട്ടിയത്. കൂറ്റൻ പനകളടക്കം വെട്ടി മാറ്റിയാണ് വഴിയൊരുക്കിയത്.
....................................................................................................................
റോഡ് ഗതാഗത യോഗ്യമാക്കാനും വശങ്ങൾ കെട്ടി സംരക്ഷിക്കാനും എൻ.ആർ.ഇ.ജി.എസിന്റെ ആക്ഷൻ പ്ലാനിൽ ഉൾപ്പെടുത്തും.
ആർ.സുനിതകുമാരി,
ഗ്രാമ പഞ്ചായത്തംഗം