photo
ആയൂർ ഗവ. ജവഹർ ഹയർ സെക്കൻഡറി സ്കൂളിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

 ആയൂർ ഗവ.ജവഹർ സ്കൂളിലെ കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഇന്ന് തുറക്കും

അ‌ഞ്ചൽ: ആയൂർ ഗവ.ജവഹർ ഹയർ സെക്കൻഡറി സ്കൂളിലെ കേരള 'സ്കൂൾ വെതർ സ്റ്റേഷൻ' കേരള പിറവി ദിനമായ ഇന്ന് ഉദ്ഘാടനം ചെയ്യം. ഉച്ചയ്ക്ക് 2ന് സ്ക്കൂളിൽ നടക്കുന്ന ജില്ലാതല ഉദ്ഘാടനം പി.എസ്.സുപാൽ എം.എൽ.എ.നിർവ്വഹിക്കും. പി.ടി.എ.പ്രസിഡന്റ് ബി.മുരളി അദ്ധ്യക്ഷത വഹിക്കും. ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ പങ്കെടുക്കും. കേരള സർക്കാരിന്റെ നൂറുദിന കർമ പദ്ധതിയിൽ ഉൾപ്പെടുത്തി സമഗ്ര ശിക്ഷ കേരളമാണ് വെതർ സ്റ്റേഷൻ ഒരുക്കിയത്.

ഒരു പ്രദേശത്തിന്റെ സൂക്ഷ്മ കാലാവസ്ഥ നിരന്തരം നിരീക്ഷിക്കാനും രേഖപ്പെടുത്താനും കാലാവസ്ഥ വ്യതിയാനങ്ങൾ മനസിലാക്കാനും കേരള സ്കൂൾ വെതർ സ്റ്റേഷൻ അവസരം ഒരുക്കും. അന്തരീക്ഷ ഊഷ്മാവ്, ആർദ്രത, കാറ്റിന്റെ ദിശ, വേഗത, മഴയുടെ അളവ് എന്നീ കാലാവസ്ഥാ ഘടകങ്ങൾ ഇനി വിദ്യാർത്ഥികൾ സ്വയം നിരീക്ഷിച്ച് രേഖപ്പെടുത്തും. ഊഷ്മാവ് അളക്കുന്നതിനുള്ള തെർമോമീറ്റർ, ഒരു ദിവസത്തെ കൂടിയ താപനിലയും കുറഞ്ഞ താപനിലയും രേഖപ്പെടുത്തുന്നതിനുള്ള മാക്സിമം - മിനിമം തെർമോ മീറ്റർ, കാറ്റിന്റെ ദിശ അറിയുന്നതിനുള്ള വിൻഡ് വെയ്ൻ, വേഗത അളക്കാനുള്ള കപ് അനിമോമീറ്റർ, അന്തരീക്ഷ ആർദ്രത അളക്കുന്നതിനുള്ള വെറ്റ് ആൻഡ് ഡ്രൈ ബൾബ് തെർമോമീറ്റർ, മഴയുടെ അളവ് രേഖപ്പെടുത്തുന്നതിനുള്ള മഴമാപിനി എന്നിവയാണ് ആദ്യഘട്ടത്തിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലുള്ളത്.