pipe

പകരം സംവിധാനമില്ലാതെ യാത്രാദുരിതം

കൊല്ലം: ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ പൈപ്പിടുന്നതിന്റെ ഭാഗമായി എ.ആർ ക്യാമ്പ് ആർ.ഒ.ബി വഴിയുള്ള ഗതാഗതത്തിന് നിയന്ത്റണം ഏർപ്പെടുത്തി നാലു ദിവസം പിന്നിട്ടിട്ടും പകരം സംവിധാനമില്ല.

നഗരത്തിൽ ഗതാഗതക്കുരുക്ക് മുറുകിയിട്ടും ജലവിഭവ വകുപ്പ് കണ്ടില്ലെന്ന് നടിക്കുകയാണ്. റോഡ് മുറിച്ച് പൈപ്പിടുന്നതിന്റെ പേരിലാണ് 27ന് വൈകിട്ട് ഡി.സി.സി ഓഫീസിന് മുന്നിലെ റോഡിലും ആർ.ഒ.ബിയിലും ഗതാഗത നിരോധനം ഏർപ്പെടുത്തിയത്. മൂന്ന് ദിവസം കൊണ്ട് പണികൾ തീർക്കുമെന്നും 30ന് ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്നാണ് ജലവിഭവ വകുപ്പ് അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ പണിയുടെ പകുതിപോലും തീർക്കാനായിട്ടില്ല. വ്യാഴാഴ്ച പണികൾ പൂർത്തിയാക്കി വെള്ളിയാഴ്ച രാവിലെ റോഡ് പൂർണമായും തുറന്നുകൊടുക്കുമെന്നാണ് ഇപ്പോൾ അധികൃതർ പറയുന്നത്.

പണികൾ പൂർത്തീകരിക്കാനുണ്ടാകുന്ന കാലതാമസം നിയന്ത്രണം നീളുന്നതിലേക്കാണ് വിരൽചൂണ്ടുന്നത്. നഗരത്തിലെ പലറോഡുകളിലും ഇത്തരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയപ്പോഴുണ്ടായ അനുഭവം വിഭിന്നമല്ല. 2019ൽ ആരംഭിച്ച് ഒരുവർഷത്തിനകം പൂർത്തീകരിക്കാനിരുന്ന ഞാങ്കടവ് പദ്ധതിയുടെ 50 ശതമാനത്തിൽ താഴെ മാത്രമാണ് ഇതുവരെ പൂർത്തീകരിച്ചത്. പദ്ധതിയുടെ ഭാഗമായി വെട്ടിക്കുഴിച്ച റോഡുകളിലൊന്നിൽ പോലും സുഗമമായ ഗതാഗതം സാദ്ധ്യമല്ലാത്തത് പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണ്.

ഒരുവർഷം ആർ.ഒ.ബി അടച്ചത് 4 തവണ

1. അ​റ്റകു​റ്റ പണികൾക്കായി ആർ.ഒ.ബി അടച്ചത് നാല് തവണ

2. നഗര ഗതാഗതത്തിൽ നിർണായക സ്ഥാനമുള്ള പാലം

3. പകരം സംവിധാനമില്ലാത്തതിനാൽ നഗരം ഗതാഗതക്കുരുക്കിൽ

4. ചിന്നക്കട, കൊച്ചുപിലാംമൂട്, ആർ.ഒ.ബി, എ.ആർ ക്യാമ്പ്, റെയിൽവേ സ്‌​​റ്റേഷൻ യാത്ര ദുരിതത്തിൽ

5. പകരമായുള്ള എസ്.എം.പി, കോളേജ് ജംഗ്ഷൻ, പോളയത്തോട് റോഡിൽ റെയിൽവേ ഗേറ്റ് അടച്ചിടുന്നത് അരമണിക്കൂറിലധികം

6. ബീച്ച് ഭാഗത്ത് നിന്നുള്ളവർ കോളേജ് ജംഗ്‌ഷനിലെത്താൻ നഗരം ചുറ്റേണ്ട അവസ്ഥ

ചിന്നക്കട റൗണ്ടിൽ തിരിയാൻ കഴിയണം

ബീച്ച്, ക്ലോക്ക് ടവർ ഭാഗത്ത് നിന്ന് റെയിൽവേ സ്​റ്റേഷൻ ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് ചിന്നക്കട റൗണ്ടിൽ തിരിയാൻ കഴിയുന്ന തരത്തിൽ ക്രമീകരണം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. നേരത്തെ പരീക്ഷിച്ച് പരാജയപ്പെട്ടതാണെന്നാണ് അധികൃതർ പറയുന്നുണ്ടെങ്കിലും​ കൃത്യമായ സിഗ്‌​നൽ ക്രമീകരണത്തിലൂടെ വിജയകരമാക്കാൻ കഴിയുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. നിലവിൽ ക്ലോക്ക് ടവർ ഭാഗത്ത് നിന്നുള്ളവ കോൺവെന്റ് ജംഗ്​ഷനിലെത്തി യു ടേൺ തിരിഞ്ഞ് ഓവർ ബ്രിഡ്ജ് കയറി അഞ്ചു മുതൽ ഏഴ് മിനിട്ട് വരെ ചെലവഴിച്ചാണ് റെയിൽവേ സ്​റ്റേഷനിലെത്തുന്നത്. എസ്.എം.പി റെയിൽവേ ഗേ​റ്റ് വഴിയാണെങ്കിൽ ഈ യാത്രയ്ക്ക് ഒരു മിനിട്ട് മാത്രം മതിയാകും. റൗണ്ട് തിരിയേണ്ട സാഹചര്യമാണെങ്കിൽ കേവലം മൂന്ന് മിനിട്ട് മാത്രമായിരിക്കും പരമാവധി ചെലവഴിക്കേണ്ടി വരിക.