കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ഫാമുകളിൽ കൂടുതൽ ഫലവൃക്ഷത്തൈകൾ വച്ചു പിടിപ്പിക്കുമെന്ന് പ്രസിഡന്റ് സാം.കെ.ഡാനിയേൽ. കോട്ടുക്കൽ കൃഷി ഫാമിൽ പുതുതായി തിരഞ്ഞെടുത്ത തൊഴിലാളികൾക്കുള്ള നിയമന ഉത്തരവ് കൈമാറുകയായിരുന്നു അദ്ദേഹം. ഫാമിൽ കൃഷി ചെയ്യാതെ കിടക്കുന്ന സ്ഥലങ്ങൾ കൃഷിയോഗ്യമാക്കുന്നതിനാണ് പുതുതായി തൊഴിലാളികളെ എടുത്തിട്ടുള്ളത്. വാഴ, റംബുട്ടാൻ, മാങ്കോസ്റ്റിൻ, മാതൃ വൃക്ഷങ്ങൾ, തെങ്ങ് മുതലായവയാണ് ഈ സാമ്പത്തിക വർഷം വച്ചുപിടിപ്പിക്കുന്നത്. ഇതിനായി 15 ലക്ഷം രൂപ വകയിരുത്തി. ജില്ലാ പഞ്ചായത്തിന്റെ ലേബലിൽ വിപണിയിലേക്ക് എത്തിച്ച കല്പം വെളിച്ചെണ്ണയുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായി എല്ലാ ഫാമുകളിലും കൂടുതൽ തെങ്ങിൻതൈകൾ വച്ചു പിടിപ്പിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു അദ്ധ്യക്ഷനായി. ഫാം സൂപ്രണ്ട് സിന്ധു ഭാസ്കർ, ബ്ലോക്ക് പഞ്ചായത്ത് അംഗം നൗഷാദ്, വാർഡ് മെമ്പർ ബിന്ദു അശോകൻ തുടങ്ങിയവർ പങ്കെടുത്തു.