കൊല്ലം: കേരളകൗമുദിയും എക്സൈസ് വകുപ്പും ചേർന്ന് ലഹരിവിരുദ്ധ പോരാട്ടങ്ങളുടെ തുടർച്ചയായി ഇന്ന് കൊട്ടാരക്കര മൈലം എം.ജി.എം റസിഡൻഷ്യൽ പബ്ളിക് സ്കൂളിൽ 'ലഹരി മുക്ത കേരളം' സെമിനാർ സംഘടിപ്പിക്കും. എക്സൈസ് വകുപ്പ് ഒക്ടോബർ 6 മുതൽ നടത്തിവരുന്ന വിവിധങ്ങളായ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ താലൂക്ക് തല സമാപന പരിപാടികളും ഒപ്പം നടക്കും. രാവിലെ 10ന് എം.ജി.എം സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാർ കൊട്ടാരക്കര ഡിവൈ.എസ്.പി ജി.ഡി.വിജയകുമാർ ഉദ്ഘാടനം ചെയ്യും. കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫും റെസിഡന്റ് എഡിറ്ററുമായ എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷനാകും. കൊട്ടാരക്കര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എ.സഹദുള്ള ക്ളാസ് നയിക്കും. പ്രിൻസിപ്പൽ എസ്.നിഷ, അദ്ധ്യാപിക ആൻ ജോർജ്, പ്രോഗ്രാം കോ-ഓർഡിനേറ്റർ രാധ സുരേന്ദ്രൻ, കേരളകൗമുദി കൊട്ടാരക്കര ലേഖകൻ ശശികുമാർ കൊട്ടാരക്കര എന്നിവർ സംസാരിക്കും. ലഹരി വസ്തുക്കൾ പ്രതീകാത്മകമായി കത്തിച്ചും വിദ്യാർത്ഥികളുടെ പ്രതിരോധ ചങ്ങല സൃഷ്ടിച്ചും ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തുമാണ് പരിപാടികൾ അവസാനിക്കുക. എക്സൈസിലെ വിവിധ ഉദ്യോഗസ്ഥർ അനുബന്ധ പരിപാടികൾക്ക് നേതൃത്വം നൽകും.